അതിർത്തി ഹെലിപ്പാഡുകൾ വികസിപ്പിച്ച് ചൈന
text_fieldsന്യൂഡൽഹി: ലഡാക്കിലെ പാങോങ് മേഖലയിൽ ചൈന തങ്ങളുടെ ഹെലിപോർട്ട് വികസിപ്പിക്കുന്നതായി ഉപഗ്രഹ ദൃശ്യങ്ങൾ. യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് 21.3 കിലോമീറ്റർ വടക്കു കിഴക്കുള്ള ഹെലിപോർട്ട് ആണ് വികസിപ്പിക്കുന്നത് എന്ന് ഉപഗ്രഹ ചിത്രങ്ങൾ അപഗ്രഥിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതേസമയം പുതിയ ഹെലിപ്പാഡുകൾ നിർമിച്ചതായ സൂചനയൊന്നും ചിത്രങ്ങൾ നൽകുന്നില്ല.
ഇതിനു പുറമെ, അതിർത്തിയിൽ അനിവാര്യമായി വരികയാണെങ്കിൽ ഉപയോഗിക്കാൻ തക്ക വിധം മറ്റു ഹെലിപോർട്ടുകളും ചൈന വികസിപ്പിക്കുന്നുണ്ട്. സിൻജിയാങ് പ്രവിശ്യയിൽ പെടുന്നതും ഗൽവാനിൽ നിന്ന് 176 കിലോമീറ്റർ വടക്കുള്ളതുമായ പിഷാനിലെ ഹെലി പോർട്ടാണ് വികസിപ്പിച്ചത്. അതേസമയം, നിയന്ത്രണ രേഖയോട് ഏറ്റവുമടുത്ത് ഹെലിപ്പാഡുള്ളത് ഇന്ത്യക്ക് നേട്ടമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
2017 ൽ 'ഫിംഗർ 4'ന് തൊട്ടരികിൽ പണിത രണ്ട് െഹലിപ്പാഡുകൾ ഇന്ത്യക്ക് വീണ്ടും മേൽകൈ നൽകുന്നുണ്ട്. 'ഫിംഗർ 4' ന് നാലു കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് രണ്ടു ഹെലിപ്പാഡുകളും ഉള്ളത്.

