ഹെലികോപ്ടർ ടാക്സി സർവീസിന് തുടക്കം കുറിക്കാനൊരുങ്ങി യു.പി
text_fieldsലഖ്നോ: ഹെലികോപ്ടർ ടാക്സി സർവീസിന് തുടക്കം കുറിക്കാനൊരുങ്ങി ഉത്തർപ്രദേശ് ടൂറിസം വകുപ്പ്. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ് ആരംഭിക്കുക. ഡിസംബറോടെ ഹെലികോപ്ടർ ടാക്സിക്ക് തുടക്കം കുറിക്കാനാകുമെന്നാണ് പ്രതീക്ഷ.
കോവിഡിനെ തുടർന്ന് തിരക്കുള്ള ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യാൻ ജനങ്ങൾ മടിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ഹെലികോപ്ടർ ടാക്സി ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. പദ്ധതി ആരംഭിക്കുന്നതിനായി ആഗ്രയിൽ ഹെലികോപ്ടർ തയാറാണെന്ന് ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മേഷ്റാം പറഞ്ഞു. വൈകാതെ മറ്റ് സ്ഥലങ്ങളിലും ഇതിനുള്ള സൗകര്യമൊരുക്കും.
വിദേശികൾ ഉൾപ്പടെയുള്ള സഞ്ചാരികൾ താജ്മഹൽ സഞ്ചരിക്കുന്നത് മികച്ച യാത്രസൗകര്യമുള്ളതിനാലാണ്. എന്നാൽ, യാത്രസൗകര്യത്തിന്‍റെ അഭാവം മൂലം മറ്റ് സ്ഥലങ്ങളിലേക്ക് ഇവർ പോകുന്നില്ല. ഹെലികോപ്ടർ ടാക്സി ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. ആഗ്ര കൂടാതെ പ്രയാഗ്രാജ്, വിന്ധ്യാചൽ, ലഖ്നോ, വാരണാസി എന്നിവിടങ്ങളിലും സേവനം ഒരുക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി അന്ന് തന്നെ മടങ്ങുന്ന രീതിയിലാവും സർവീസ്. ബോധ്ഗയയിലും കുഷിനഗറിലും സമാനമായ രീതിയിൽ സേവനമൊരുക്കുമെന്നും മുകേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

