മുംബൈ: ഒ.എന്‍.ജി.സിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി പറന്ന ഹെലികോപ്ടര്‍ അറബിക്കടലില്‍ തകര്‍ന്നുവീണ് രണ്ട് മലയാളികള്‍ ഉൾപ്പെടെ അഞ്ചു പേര് മരിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കോതമംഗലം പെരുമ്പള്ളിത്തിറ വീട്ടില്‍ ജോസ് ആൻറണി, തൃശൂര്‍ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാല്‍ ബാബു എന്നിവരാണ് മരിച്ച മലയാളികൾ. ഒപ്പമുണ്ടായിരുന്ന ഉത്തരേന്ത്യക്കാരനായ പങ്കജ് ഗാര്‍ഗിയുടെ മൃതേദഹവും കെണ്ടത്തി. മറ്റു രണ്ടു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
തൃശൂര്‍ പൂങ്കുന്നം സ്വദേശി പി.എന്‍. ശ്രീനിവാസൻ, തമിഴ്നാട്ടുകാരനായ ആര്. ശരവണന്, പൈലറ്റുമാരായ ഒഹട്കര്, കടൊച്ച് എന്നിവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍.
പവന്ഹാന്സിെൻറ ഡൗഫിന്‍ എന്‍ 3 ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്.
ശനിയാഴ്ച രാവിലെ 10.20ന് ജുഹുവിലെ ഹെലിപാഡില്‍നിന്ന് ഉദ്യോഗസ്ഥരുമായി എണ്ണക്കിണര്‍ ലക്ഷ്യമിട്ട് പറന്ന ഹെലികോപ്ടര്‍ 15 മിനിറ്റുകള്‍ക്കു ശേഷം കാണാതാവുകയായിരുന്നു. തെരച്ചിലിൽ മുംബൈയില്‍നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ ഹെലികോപ്ടറിെൻറ അവശിഷ്ടം കെണ്ടത്തി. ഇതേ സ്ഥലത്തുനിന്നാണ് ഉച്ചക്ക് 12.30ഓടെ ആദ്യ മൃതദേഹം കിട്ടിയത്. തുടര്‍ന്ന്, വൈകീട്ട് ആറോടെ മറ്റ് നാലു പേരുടെ മൃതദേഹങ്ങള്‍കൂടി കെണ്ടത്തി. നാവിക സേന കപ്പല്‍ ഐ.സി.ജി.എസ് അഗ്രിമിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
അപകടകാരണം അറിവായിട്ടില്ല. 30 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയ ഹെലികോപ്ടര്‍ തകരാറിനെ തുടര്‍ന്ന് തിരിച്ച് ജുഹുവിലേക്ക് പറക്കാനിരിക്കെയാണ് അപകടത്തില്‍പെട്ടതെന്നു പറയുന്നു.
ജോസ് ആൻറണി, ശ്രീനിവാസന് എന്നിവര്‍ ബാന്ദ്രയിലെ ഒ.എന്‍.ജി.സി ക്വാര്ട്ടേസിലും ബിന്ദുലാല്‍ ബാബു വസായിലുമാണ് താമസം.
രാമല്ലൂർ മിനിപ്പടി പെരുമ്പിള്ളിച്ചിറ കൊച്ചാൻറണിയുടെയും പെണ്ണമ്മയുടെയും ഏഴ് മക്കളിൽ മൂന്നാമനാണ് ജോസ്. കോതമംഗലം എം.എ എൻജിനീയറിങ് കോളജിൽ 1988ൽ പഠനം പൂർത്തിയാക്കി ഒ.എൻ.ജി.സിയിൽ ജോലിക്ക് പ്രവേശിച്ച ഇദ്ദേഹം 12 വർഷമായി മുംബൈയിലാണ്. ഒ.എൻ.ജി.സിയിൽ ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്നു.
ബിന്ദുലാൽ ബാബു (49) പരേതനായ വലിയപറമ്പിൽ കുട്ടപ്പെൻറയും അമ്മിണിയുടെയും ഇളയ മകനാണ്. ജോലി കിട്ടിയതോടെ ഇദ്ദേഹം മുംബൈയിൽ സ്ഥിരതാമസമാക്കി. ബാക്കിയുള്ള കുടുംബാംഗങ്ങൾ 12 വർഷം മുമ്പ് ചാലക്കുടി വിട്ട് പോയിരുന്നു.
മൂത്ത സഹോദരൻ ശ്യം ബാബു തൃശൂരും ഇളയ സഹോദരൻ അജിത് ബാബു കല്ലേറ്റുങ്കരയിലുമാണ് താമസം. ഒരു സഹോദരൻ മഹേഷ് ബാബു മരിച്ചു. ഭാര്യ: ഡോ. ഷൈനി. മക്കൾ: വി ബാഷ, സുശാന്ത്.