മഹാരാഷ്ട്രയിലും നാശം വിതച്ച് കനത്ത മഴ: 19 ഗ്രാമങ്ങൾ ഇരുട്ടിൽ
text_fieldsനാന്ദേഡ്: മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ പല ഗ്രാമങ്ങളിലും വെള്ളം കയറി. മിക്ക വൈദ്യുതി സംവിധാനങ്ങളും വെള്ളത്തിനടിയിലായതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. നാന്ദേഡ് ജില്ലയിലെ 19 ഗ്രാമങ്ങൾ ഇരുട്ടിലാണെന്നാണ് റിപ്പോർട്ട്. വെള്ളം ഇറങ്ങി സ്ഥിതിഗതികൾ നിയന്ത്രിച്ചതിനു ശേഷം മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കൽ പ്രായോഗികമാകൂവെന്ന് അധികൃതർ പറയുന്നു.
മഹാവിതാരണിലെ നാന്ദേഡ് സർക്കിളിലെ പർഭാനി, ഹിംഗോളി എന്നിവിടങ്ങളിലെ വൈദ്യുതി സംവിധാനങ്ങളെയും കനത്ത മഴ ബാധിച്ചു. ഇത് ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെയുള്ള കാർഷിക മാർഗങ്ങളെയും ബാധിച്ചു.
സെപ്റ്റംബർ 20 മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് മറാത്ത്‌വാഡയിൽ കനത്ത മഴ പെയ്തതിനാൽ വെള്ളപ്പൊക്കമുണ്ടായി. ഇത് കർഷകർക്ക് കടുത്ത വിളനാശവും ദുരിതവും സൃഷ്ടിച്ചു. പ്രളയബാധിത കർഷകർക്കായി മഹാരാഷ്ട്ര സർക്കാർ ഫണ്ട് വിതരണം ചെയ്യുന്നുണ്ടെന്നും ദീപാവലിക്ക് മുമ്പ് എല്ലാ കർഷകർക്കും ദുരിതാശ്വാസ ധനസഹായം എത്തിക്കുമെന്നും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വാഗ്ദാനം ചെയ്തു.
മഹാരാഷ്ട്രയിലുടനീളം സ്കൂളുകളും കോളജുകളും ഭാഗികമമായി അടഞ്ഞ അവസ്ഥയിലാണ്. നന്ദേഡിലെയും ലാത്തൂരിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് മുൻകരുതൽ നടപടികൾ സ്വീകരിച്ചു.
നേരത്തെ നിശ്ചയിച്ചിരുന്ന മഹാരാഷ്ട്ര സിവിൽ സർവിസസ് ഗസറ്റഡ് കമ്പൈൻഡ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചതായി മഹാരാഷ്ട്ര പബ്ലിക് സർവീസ് കമീഷൻ അറിയിച്ചു. പ്രക്ഷുബ്ധമായ സാഹചര്യവും അപകടസാധ്യതയും കൂടുതലായതിനാൽ മുൻകരുതൽ എന്ന നിലയിൽ മഹാരാഷ്ട്രയിലുടനീളമുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശനമായി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

