ഹൈദരാബാദ്: മൂന്നുദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ തെലങ്കാനയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. അടുത്ത മൂന്നുദിവസവും സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കരീംനഗർ, സിദ്ധിപേട്ട്, വാറങ:ൽ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷം. കനത്ത മഴയിൽ ഇവിടത്തെ റോഡുകളെല്ലാം മുങ്ങി. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചെറുനദികളും തോടുകളും മറ്റു ചെറിയ ജലസ്േത്രാതസുകളും നിറഞ്ഞൊഴുകി. ഭൂപൽപള്ളി ജില്ലയിൽ കൂണ്ടനപള്ളി ഗ്രാമത്തിൽ വെള്ളപൊക്കത്തിൽ കുടുങ്ങി കിടന്ന 10ഓളം കൃഷിക്കാരെ ദേശീയ ദുരന്ത നിവാരണ സേന ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി.
നിരവധി വാഹനങ്ങളും ട്രക്കുകളും ഒലിച്ചുപോയി. ഹൈദരബാദിൽ രണ്ടു കൺട്രോൾ റൂമുകൾ തുറന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയോടും ജാഗ്രത പുലർത്താൻ നിർദേശം നൽകി.