കനത്ത മഴ: കർണാടകയിൽ പരക്കെ നാശനഷ്ടം
text_fieldsബംഗളൂരു: കനത്ത മഴയെ തുടർന്ന് കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ. തീരദേശ ജില്ലകളായ ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും വെള്ളപ്പൊക്കം കെടുതി വിതച്ചു. റോഡുകൾ പലതും വെള്ളത്തിനടിയിലാണ്. ഗതാഗതം സംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
മഴയെ തുടർന്ന് 12 പേർക്ക് പരിക്കേറ്റു. മംഗളൂരുവിൽ 52 വീടുകൾക്കും ബന്ദ്വാളിൽ 12 വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള മഴക്കും വെള്ളപ്പൊക്കത്തിനുമാണ് മംഗളൂരു നഗരം സാക്ഷ്യം വഹിച്ചത്.
വെള്ളപ്പൊക്കത്തെ തുടർന്ന് സ്കൂളിനകത്ത് അകപ്പെട്ടുപോയ കുട്രോളി അലകെയിലെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ബോട്ടുകൾ ഉപയോഗിച്ച് രക്ഷപ്പെടുത്തും. അഗ്നിശമനസേനയും പൊതുജനങ്ങളും രക്ഷാപ്രവർത്തനത്തിന് സഹായവുമായി രംഗത്തുണ്ട്. ബൈക്കമ്പാടി വ്യവസായ മേഖലയിലെ വ്യവസായ ശാലകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് വലിയ നാശനഷ്ടമാണുണ്ടായത്. പല സ്ഥലങ്ങളിലും വാഹനങ്ങൾ വെള്ളത്തിനടിയിലായി. ഉഡുപ്പി ജില്ലയിൽകഴിഞ്ഞ രണ്ടു ദിവസത്തോളമായി പെയ്യുന്ന കനത്ത മഴയിൽ വീടുകളടക്കം 130ഒാളം കെട്ടിടങ്ങൾ ഭാഗികമായോ പൂർണമായോ തകർന്നതായാണ് വിവരം.
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് ദുരിത ബാധിതരായവരുടെ സുരക്ഷക്കായി പ്രാർഥിക്കുന്നതായും എല്ലാവിധ സഹായങ്ങളും ഉറപ്പാക്കാനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഡെപ്യൂട്ടി കമീഷണറോട് സ്ഥിതിഗതികൾ ആരായുകയും രക്ഷാപ്രവർത്തനങ്ങൾ നടത്താനായി തീര രക്ഷാസേനക്ക് നിർദ്ദേശം നൽകുകയും െചയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് കർണാടകയിലെ സാഹചര്യം വിലയിരുത്തിയതായും ആവശ്യമെങ്കിൽ കൂടുതൽ എൻ.ഡി.ആർ.എഫ് സംഘത്തെ തന്നെ മംഗളൂരുവിലേക്ക് അയക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായും ആഭ്യന്തരമന്ത്രിയുടെ ഒാഫീസ് ട്വീറ്റ് ചെയ്തു.
മൺസൂണിനു മുമ്പുള്ള മഴയാണ് ഇപ്പോൾ കർണാടകയിൽ പെയ്തുകൊണ്ടിരിക്കുന്നതെന്നും മൺസൂണിെൻറ കൃത്യമായ വരവ് സംബന്ധിച്ച് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു പ്രഖ്യാപിക്കുമെന്നുമാണ് മെട്രോളജിക്കൽ വിഭാഗം വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
