ഹിമാചലിൽ കനത്തമഴ; മണ്ഡി ജില്ലയിൽ ബസുകളിൽ വെള്ളം കയറി
text_fieldsപ്രതീകാത്മക ചിത്രം
ഹിമാചലിൽ വിളവെടുപ്പ് ഉൽസവത്തിനിടയിലാണ് തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ മാണ്ഡി ജില്ലയിലെ ധരംപൂരിൽ പെയ്ത മഴയും പേമാരിയും ജനജീവിതം ദുസ്സഹമാക്കിയത്. സോൻ ഖാഡിലുണ്ടായ വെള്ളപ്പൊക്കത്തിൽ ധരംപുർ ബസ് സ്റ്റാൻഡ് മുങ്ങി, 20 ലധികം ഹിമാചൽ ആർ.ടി.സി ബസുകളിലും വെള്ളം കയറി. നിരവധി സ്വകാര്യ വാഹനങ്ങളും, കടകളും, വീടുകളും അപകടത്തിൽപെട്ടു.
ധരംപുരിൽ പത്തോളം വാഹനങ്ങൾ ഒഴുകിപ്പോയതായി റിപ്പോർട്ടുകളുണ്ട്. കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറിയതിനാൽ താമസക്കാർ മേൽക്കൂരകളിലും അഭയം തേടി. കലാസായി ഗ്രാമത്തിൽ, വീട്ടിൽ വെള്ളം കയറിയപ്പോൾ മേൽക്കൂരയിൽ കയറിയാണ് ഒരു കുടുംബം രക്ഷപ്പെട്ടത്. ലഗേഹാദ് ഗ്രാമത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീട് തകർന്നു, ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു.
പണം പിൻവലിക്കാനെത്തിയ മയക്കുമരുന്ന് വിൽപനക്കാരനും വാഹനവും ഒഴുകിപ്പോയി. പൊലീസും അഗ്നിരക്ഷാസേനയും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. പൊലീസ് സ്റ്റേഷന് പുറത്ത് നിർത്തിയിരുന്ന നിരവധി വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. ശക്തമായ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ മയക്കുമരുന്ന് വിൽപനക്കാരൻ നരേന്ദ്ര കുമാറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, മറ്റൊരാളും ഒഴുകിൽപെട്ടതായി റിപ്പോർട്ടുകളുണ്ട്.
സുന്ദർനഗറിൽ താഴ്ന്ന പ്രദേശത്തെ ഒരുു വീട്ടിൽ മണ്ണിടിഞ്ഞതിനെതുടർന്ന് നാലുപേരെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ബാക്കി മൂന്നുപേർക്കുമായി തിരച്ചിൽ തുടരുകയാണ്.കഴിഞ്ഞ മൂന്നുദിവസമായി ധരംപുരിൽ മാത്രം കനത്ത നാശനഷ്ടമാണ് കണക്കാക്കുന്നത്. നാൽപതോളം വീടുകൾ സുരക്ഷയുടെഭാഗമായി ഒഴിപ്പിക്കുകയും ചെയ്തു. പുലർച്ചെ മൂന്നുമണി വരെ തുടർന്ന മഴയും പേമാരിയിൽ ഗതാഗതവും തടസ്സപ്പെട്ടു. രക്ഷാപ്രവർത്തകരും പൊലീസും സ്ഥലവാസികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. മേഘവിസ്ഫോടനമാണോ നടന്നതെന്ന് പരിശോധിച്ചു വരുകയാണ്. ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

