കനത്തമഴ: ഊട്ടിയിലേക്ക് യാത്രാവിലക്ക്
text_fieldsനീലഗിരി ജില്ലയിൽ പർലിയാർ ഭാഗത്ത് മണ്ണിടിച്ചിൽ മൂലം അപകടത്തിൽപെട്ട തമിഴ്നാട് സർക്കാർ ബസ്
ചെന്നൈ: നീലഗിരി ജില്ലയിൽ നാശം വിതച്ച് കനത്തമഴ. പർലിയാർ ഭാഗത്ത് മണ്ണിടിച്ചിലിൽപെട്ട് തമിഴ്നാട് സർക്കാർ ബസ്ഡ്രൈവർ മരിച്ചു. ഒക്ടോബർ 26 വരെ വിനോദസഞ്ചാരികൾ നീലഗിരിയിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ജില്ല കലക്ടർ നിർദേശിച്ചു. ഊട്ടി-മേട്ടുപ്പാളയം മലയോര ട്രെയിൻ സർവിസ് രണ്ടു ദിവസത്തേക്ക് റദ്ദാക്കി. മൂന്നു ദിവസത്തേക്ക് അടിയന്തര വാഹനങ്ങൾ ഒഴികെ സർക്കാർ ബസുകൾ ഉൾപ്പെടെ വാഹനഗതാഗതം വൈകീട്ട് ആറു മുതൽ രാവിലെ ഏഴുവരെ നിരോധിച്ചു.
മഴ കാരണം ഊട്ടി-മേട്ടുപ്പാളയം ഉൾപ്പെടെ മലയോര പാതകളിൽ ഗതാഗതം തടസ്സപ്പെട്ടു. പർലിയാർ ഭാഗത്താണ് തമിഴ്നാട് സർക്കാർ ബസ് മണ്ണിടിച്ചിലിൽപെട്ടത്. ഡ്രൈവർ ജനകരാജ് മരിച്ചു. പരിക്കേറ്റ കണ്ടക്ടർ കേശവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി ഊട്ടിയിൽനിന്ന് മേട്ടുപ്പാളയത്തേക്ക് പോയ ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണുണ്ടായിരുന്നത്. മരങ്ങൾ റോഡിലേക്ക് വീണതിനെത്തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ മലയിൽനിന്ന് മണ്ണും പാറകളും മരങ്ങളും ഇടിഞ്ഞുവീണ് ബസ് മണ്ണിനടിയിലായി. രാത്രി മുഴുവൻ ബസിനുള്ളിൽ കുടുങ്ങിയ ഇരുവരെയും രക്ഷാപ്രവർത്തകർ പുറത്തെടുക്കുകയായിരുന്നു.
മേട്ടുപ്പാളയം-കുന്നൂർ പാതയിൽ 11 ഇടങ്ങളിലും കോത്തഗിരി പാതയിൽ നാലിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ജില്ലയിൽ 19 ഇടങ്ങളിൽ മണ്ണിടിച്ചിലും 18 ഇടങ്ങളിൽ മരങ്ങൾ കടപുഴകി യതായുമാണ് റിപ്പോർട്ട്. കേരളത്തിൽനിന്ന് വിനോദയാത്രക്കെത്തിയ 150ൽ അധികം വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 24 മണിക്കൂറിനിടെ പർലിയാറിൽ 250 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കീഴ്‌കോത്തഗിരിയിൽ 200 മില്ലിമീറ്ററും എടപ്പള്ളിയിൽ 161 മില്ലിമീറ്ററും കോത്തഗിരിയിൽ 137 മില്ലിമീറ്ററും മഴ ലഭിച്ചു.

