മഴക്കെടുതിയിൽ ബംഗളൂരു നഗരം
text_fieldsഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബംഗളൂരുവിൽ പ്രകൃതി ദുരന്ത കൺട്രോൾ റൂമിൽ
ബംഗളൂരു: ബൃഹത് ബംഗളൂരു മഹാ നഗര പാലിക (ബി.ബി.എം.പി) പ്രദേശം തുടർച്ചയായി പെയ്യുന്ന മഴക്കെടുതിയിൽ. റോഡുകളിലെ വെള്ളക്കെട്ട് കാരണം മോട്ടോർ വാഹന ഗതാഗതം പ്രധാന പാതകളിൽ വരെ തടസ്സപ്പെട്ടു. റെയിൽ ഗതാഗതത്തേയും ബാധിച്ചു. കർണാടകയിൽ 10 ട്രെയിനുകളുടെ സർവിസ് റദ്ദാക്കി. പ്രമുഖ ഐ.ടി കമ്പനിയുടെ മതിൽ വെള്ളക്കെട്ടിൽ തകർന്നു. ഐ.ടി സ്ഥാപനങ്ങൾക്ക് വർക്ക് അറ്റ്ഹോം പ്രഖ്യാപിച്ചു.പ്രകൃതിയെ പിടിച്ചുകെട്ടാൻ സർക്കാറിനാവുമോയെന്ന് പ്രതിപക്ഷത്തോട് കൺട്രോൾ റൂമിൽനിന്ന് ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചോദിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപനം തുടരുന്നു. റോഡേത്, റോഡിനു നടുവിൽ കുഴികളുണ്ടോ എന്നുപോലും അറിയാത്ത സ്ഥിതിയിലാണ്.
നാഗവാരയിലെ വെള്ളപ്പൊക്കം
ഐ.ടി ജീവനക്കാർക്ക് വർക്ക് അറ്റ്ഹോം ഡ്യൂട്ടി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നവേഷൻ ആൻഡ് ടെക്നോളജി സൊസൈറ്റിയുടെ സർക്കുലർ പുറത്തിറക്കി. വ്യാഴാഴ്ചയും മഴ പ്രതീക്ഷിക്കുന്നതിനാൽ മുൻകരുതൽ നടപടിയായിട്ടാണ് നഗരത്തിലെ ഐ.ടി ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകിയത്. കനത്ത മഴയില്‍ നാഗവരയിലെ ഔട്ടർ റിങ് റോഡിലുള്ള മാന്യത ടെക് പാർക്കില്‍ വൻ മണ്ണിടിച്ചിലുണ്ടായി. മാന്യത എംബസി ബിസിനസ് പാർക്കിന്റെ രണ്ടാം നമ്പർ ഗേറ്റിന് സമീപത്താണ് മതിലിടിഞ്ഞത്. എംബസി ബിസിനസ് പാർക്കിന്റെ എക്സ്റ്റൻഷൻ ജോലികള്‍ നടക്കുന്നതിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്.
മെട്രോ പാതയിൽ മരം വീണുണ്ടായ തടസ്സം നീക്കുന്നു
നിർമാണ സ്ഥലത്ത് മഴയായതിനാല്‍ തൊഴിലാളികളില്ലാത്തതുകൊണ്ട് വൻദുരന്തം ഒഴിവായി. ഇവിടെയുണ്ടായിരുന്ന ചെറു കണ്ടെയ്നർ ഷെഡും മരങ്ങളും മണ്ണിടിച്ചിലില്‍ നിലം പൊത്തി. 300 ഏക്കറില്‍ പരന്നുകിടക്കുന്ന മാന്യത ടെക് പാർക്കില്‍ വിവിധ കമ്പനികളിലായി ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. ബംഗളൂരു സിറ്റി, ബംഗളൂരു റൂറല്‍, ചിത്രദുർഗ, ദാവൻഗരെ, കുടക്, കോലാർ, മാണ്ഡ്യ, രാമനഗര, ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലർട്ടും ചിക്കമഗളൂർ, ഹാസൻ, കുടക്, തുംകുരു എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രീയ വിഹാർ അപ്പാർട്മെന്റ് താമസക്കാരെ രക്ഷിക്കാൻ ഏർപ്പെടുത്തിയ ട്രാക്ടർ
വ്യാഴാഴ്ച ബംഗളൂരു നഗരം, ബംഗളൂരു റൂറല്‍, ചിക്കബെല്ലാപൂർ, ചിക്കമഗളൂരു, ഹാസൻ, കോലാർ, മാണ്ഡ്യ, രാമനഗര, ശിവമൊഗ്ഗ, തുംകുരു, ഉഡുപ്പി, ദക്ഷിണ കന്നട എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടും ബല്ലാരി, ദാവൻഗരെ, ചിത്രദുർഗ, മൈസൂരു എന്നിവിടങ്ങളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നഗരത്തിൽ തുടർച്ചയായി പെയ്യുന്ന മഴ കണക്കിലെടുത്ത് അതത് സോണുകളിൽ മുന്നൊരുക്കത്തിൽ പ്രവർത്തിക്കാൻ ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രാവിലെ മുതൽ തുടർച്ചയായി മഴ പെയ്യുന്നുണ്ടെന്നും എല്ലാ ഉദ്യോഗസ്ഥരും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും എവിടെയും പ്രശ്നമുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

