കനത്ത മഴ: ദുരന്തപൂർണവും ഭയാനകവുമായ സാഹചര്യത്തിൽ നരകിച്ച് ഗസ്സക്കാർ
text_fieldsഗസ്സ സിറ്റി: കാലാവസ്ഥാ മാറ്റത്തിന്റെ അലയൊലികൾ ഗസ്സക്കാർക്കുമേൽ ദുരിതത്തിന്റെ തീമഴ പെയ്യിക്കുന്നു. രണ്ടു വർഷത്തിലേറെയായി കുടിയിറക്കപ്പെട്ട ഫലസ്തീനികൾ അഭയം പ്രാപിച്ച ഡസൻ കണക്കിന് ടെന്റുകൾ കനത്ത മഴയിൽ മുങ്ങി. ഖാൻ യൂനിസിലെ അൽമവാസി പ്രദേശത്ത് മഴയിൽ നിരവധി ടെന്റുകൾ തകർന്നു. മറ്റുള്ളവ ശക്തമായ കാറ്റിൽ പറന്നുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു.
പല തവണ കുടിയിറക്കപ്പെട്ടവർക്കൊപ്പം സഞ്ചരിച്ച പഴകിയ ടെന്റുകൾ ആണ് പലരുടെയും പക്കലുള്ളത്. മഴയിൽനിന്നും വെയിലിൽ നിന്നും മറ നൽകുന്ന ടെന്റുകളുടെ ആവശ്യം അധികരിച്ചിട്ടും ഇസ്രായേൽ അതിർത്തികൾ അടച്ചതു കാരണം അവ അകത്തേക്ക് കടത്തിവിടാൻ കഴിയാത്ത സാഹചര്യമാണ്. ഇതുമൂലം മഴ പെയ്യുമ്പോൾ ചളിവെള്ളത്തിൽ കിടക്കേണ്ട ദുരവസ്ഥയാണ് ഗസ്സക്കാർക്ക്.
ഇസ്രായേൽ ആക്രമണത്തിലൂടെ മിക്ക റോഡുകളും ജല-മലിനജല ശൃംഖലകളും നശിപ്പിച്ചതിനാൽ നഗരത്തിലെ സ്ഥിതി അങ്ങേയറ്റം വിനാശകരമാണെന്ന് ഖാൻ യൂനിസ് മുനിസിപ്പാലിറ്റി വക്താവ് സൈബ് ലുഖാൻ പറഞ്ഞു. മോശം കാലാവസ്ഥ കാരണം ഖാൻ യൂനിസിലെ 900,000ത്തോളം ആളുകൾ നിലവിൽ ദുരന്തപൂർണവും ഭയാനകവുമായ സാഹചര്യങ്ങൾ നേരിടുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇസ്രായേൽ സൈന്യം 220,000 മീറ്റർ റോഡ് ശൃംഖലകൾ നശിപ്പിച്ചു.
മോശം കാലാവസ്ഥയിൽ ദുരിതമനുഭവിക്കുന്ന കുടിയിറക്കപ്പെട്ട സാധാരണക്കാരെ സഹായിക്കാൻ മുനിസിപ്പൽ ടീമുകൾ മതിയായ ഉപകരണങ്ങളില്ലാതെ വലയുകയാണ്. പുതിയ കാലാവസ്ഥയോടെ ഗസ്സ മുനമ്പ് വർധിച്ചുവരുന്ന മാനുഷിക ദുരന്തത്തെ അഭിമുഖീകരിക്കുകയാണെന്നും ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടതിനാൽ അടിസ്ഥാന അഭയകേന്ദ്രങ്ങൾ ലഭ്യമല്ലെന്നും ഹമാസ് പറഞ്ഞു.
അവശ്യ ഷെൽട്ടർ ആവശ്യകതകളുടെ തുടർച്ചയായ അഭാവത്തിനിടയിൽ കുടിയിറക്കപ്പെട്ട കുട്ടികളും സ്ത്രീകളും രോഗികളും വലയുകയാണ്. ഗസ്സ മുനമ്പിലെ ഇസ്രായേലിന്റെ തുടർച്ചയായ ഉപരോധം, അതിർത്തി സ്ഥലങ്ങൾ അടക്കൽ, പുന:ർനിർമാണ ശ്രമങ്ങൾക്കുള്ള നിയന്ത്രണങ്ങൾ എന്നിവയിലൂടെ വംശഹത്യയുടെ തുടർച്ചയെ പ്രതിനിധീകരിക്കുന്നുവെന്ന് ഹമാസ് വക്താവ് അസം ഖാസിം പറഞ്ഞു.
ശൈത്യകാലം അടുക്കുകയും കുടിയിറക്കപ്പെട്ടവരുടെ ദുരിതം അസഹനീയമായി വഷളാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗസ്സയിലെ നിവാസികൾക്ക് ആശ്വാസം നൽകുന്നതിന് ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് ഖാസിം അറബ് ലീഗ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ, ഐക്യരാഷ്ട്രസഭ എന്നിവയോട് ആവശ്യപ്പെട്ടു.
ഗസ്സ ഗവൺമെന്റ് മീഡിയ ഓഫിസ് പറയുന്നതനുസരിച്ച് 1.5 ദശലക്ഷം ഫലസ്തീനികൾ ഗസ്സയിൽ കുടിയിറക്കപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ തുടർച്ചയായ ഉപരോധം കാരണം അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തതും അവശ്യ സേവനങ്ങൾ വളരെ പരിമിതവുമായ ദുരന്തകരമായ സാഹചര്യങ്ങളിൽ അവർ നരകിച്ച് ജീവിക്കുന്നു.
2023 ഒക്ടോബർ മുതൽ ഇസ്രായേൽ സൈന്യം ഗസ്സയിൽ 70,000ത്തോളം ആളുകളെ കൊന്നിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കൂടാതെ 170,900ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

