പ്രത്യേക പാക്കേജിന് എം.പിമാരുടെ സമ്മർദം; ഒഴിഞ്ഞുമാറി കേന്ദ്രം
text_fieldsന്യൂഡൽഹി: കടുത്ത കാലവർഷക്കെടുതി നേരിടുന്ന കേരളത്തിന് മാനദണ്ഡങ്ങളിൽ ഇളവുകളോടെ പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് കേരള എം.പിമാർ. എന്നാൽ, കേന്ദ്രം ഒഴിഞ്ഞുമാറി.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ പ്രകൃതിക്ഷോഭത്തെക്കുറിച്ച് നടന്ന ചർച്ചയിൽ സംസാരിച്ച പി. കരുണാകരൻ, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, സി.എൻ. ജയദേവൻ, ജോയ്സ് ജോർജ്, പി.കെ. ശ്രീമതി തുടങ്ങിയവരാണ് കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടത്.
പി. കരുണാകരനാണ് ദീർഘചർച്ചക്ക് തുടക്കമിട്ടത്. ആലപ്പുഴയും കുട്ടനാടും കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, പത്തനംതിട്ട, മലപ്പുറം ജില്ലകളിലായി 55,700 ഹെക്ടർ സ്ഥലം വെള്ളത്തിനടിയിലാണ്. എട്ടു ജില്ലകളിലായി 37 പ്രദേശങ്ങളിൽ മലയിടിഞ്ഞതുമൂലം 14 പേർ മരിച്ചു. 21,197 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 11,403 വീടുകൾ തകർന്നു. 323 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. സംസ്ഥാന സർക്കാർ കണക്കാക്കുന്ന നഷ്ടം 1384 കോടിയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ ഫണ്ടിന് കീഴിൽ സംസ്ഥാനത്തിന് സാമ്പത്തികസഹായം നൽകാൻ കേന്ദ്ര സർക്കാർ തയാറാകാത്തത് ഖേദകരമാണ്. ഓഖി ചുഴലിക്കൊടുങ്കാറ്റിെൻറ പശ്ചാത്തലത്തിൽ തീരദേശത്തെ ജനങ്ങൾക്ക് ദുരന്ത നിവാരണത്തിനും നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 7340.45 കോടി രൂപയുടെ സാമ്പത്തികസഹായം ഇതുവരെ നൽകിയിട്ടില്ല.
സംസ്ഥാന സർക്കാറിെൻറ ദുരന്തനിവാരണ ഫണ്ടിലുള്ള തുക ഇപ്പോഴത്തെ നാശനഷ്ടങ്ങൾ പരിഹരിക്കാൻ അപര്യാപ്തമാണെന്നും വേണുഗോപാൽ പറഞ്ഞു. കുട്ടനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ പാകത്തിൽ ആദ്യഘട്ട ദുരിതാശ്വാസം 80ൽനിന്ന് 250 കോടി രൂപയായി ഉയർത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. കുട്ടനാടൻ മേഖല നേരിടുന്ന വിവിധ പ്രയാസങ്ങൾ അദ്ദേഹം വിശദീകരിച്ചു.
മഴക്കെടുതിയിലുണ്ടാകുന്ന മണ്ണിടിച്ചിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ കൊണ്ടുവരണമെന്നും കൃഷിയും വീടും നശിക്കുന്നവർക്ക് വേണ്ട നഷ്ടപരിഹാരം നൽകുന്നതിനുള്ള അടിയന്തര നടപടികൾ കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ജോയ്സ് ജോർജ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്ന ആശങ്കയും അദ്ദേഹം സഭയുടെ ശ്രദ്ധയിൽ പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
