ന്യൂഡൽഹി: നാലഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിൽ രാജ്യതലസ്ഥാനത്തെ പല റോഡുകളിലും കുഴി രൂപപ്പെട്ടു. ബുധനാഴ്ച രാവിലെ മുതൽ പെയ്യുന്ന ശക്തമായ മഴയിൽ ഡൽഹിയിലെയും ഗാസിയബാദിലെയും പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. അശോക റോഡിലെയും മഹിപാൽപുർ ബൈപാസിലെയും ചില പ്രദേശങ്ങളിലാണ് റോഡിൽ കുഴി രൂപപ്പെട്ടത്.

ഗിരിധരി ലാൽ മാർഗ്, ഗുരു രവിദാസ് മാർഗ്, അണ്ടർ മായാപുരി ഫ്ലൈഓവർ, അണ്ടർ പ്രഹ്ലാദ്പുർ ഫ്ലൈഓവർ, ദൗലകുവാൻ മുതൽ ഗുരുഗ്രാം വരെ, നാരായണ മുതൽ ലോഹ മണ്ഡി വരെ, മഹിപാൽപുർ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രാജ്പഥ്, ഇന്ത്യഗേറ്റ്, വിമാനത്താവളം എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ പങ്കുവെച്ചു.
