കലി തുള്ളി മഴ: വെള്ളത്തിനടിയിലായി ഡൽഹി നഗരം; നൂറിലധികം വിമാനങ്ങൾ തടസ്സപ്പെട്ടു
text_fieldsന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹി നഗരം വെള്ളത്തിനടിയിലായി. ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും 100ലധികം വിമാനങ്ങളെ ബാധിച്ചു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻ.സി.ആർ) ശക്തമായ ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്തു.
ശക്തമായ കാറ്റു വീശിയതായും അധികൃതർ അറിയിച്ചു. നിരവധി റോഡുകളും അണ്ടർപാസുകളും വെള്ളത്തിനടിയിലായതിനാൽ ഗതാഗതം സ്തംഭിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും 100-ലധികം വിമാനങ്ങളെ ബാധിച്ചതായാണ് റിപ്പോർട്ട്. കൊടുങ്കാറ്റിനെ തുടർന്ന് 40ലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
ഞായറാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റും മഴയും വിമാന സർവീസുകളെ ബാധിച്ചതായി ഡൽഹി വിമാനത്താവളത്തിന്റെ ഏറ്റവും പുതിയ അറിയിപ്പിൽ പറയുന്നു. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് യാത്രക്കാർ പരിശോധന തുടരണമെന്ന് വിമാനത്താവളം അധികൃതർ അഭ്യർഥിച്ചു.
സഫ്ദർജംഗ്: 81 മി.മീ. പാലം: 68 മി.മീ. വീതി: 71 മി.മീ. മയൂർ വിഹാർ: 48 മി.മീ. എന്നിങ്ങനെയും നഗരത്തിലെ മറ്റു പല ഭാഗങ്ങളിൽ അഞ്ചുമുതൽ മുതൽ എട്ടു സെന്റീമീറ്റർ വരെ മഴ ലഭിച്ചതായി അധികൃതർ പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള അണ്ടർപാസിൽ വെള്ളം കയറിയതിനാൽ നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി. കനത്ത മഴയിൽ മിന്റോ റോഡിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് കാർ വെള്ളത്തിൽ മുങ്ങിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

