ജയ്പൂർ: നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് സചിൻ പൈലറ്റിനും 18 വിമത എം.എൽ.എമാർക്കുമെതിരെ രാജസ്ഥാൻ നിയമസഭ സ്പീക്കർ പുറപ്പെടുവിച്ച അയോഗ്യത നോട്ടീസിൽ ചൊവ്വാഴ്ച വരെ നടപടിയെടുക്കരുതെന്ന് രാജസ്ഥാൻ ഹൈകോടതി നിർദേശിച്ചു. അയോഗ്യത നടപടിക്കെതിരെ സചിൻ പൈലറ്റ് നൽകിയ ഹരജിയിൽ കോടതിയിൽ തിങ്കളാഴ്ച വാദം തുടരും.
മുഖ്യമന്ത്രിയുടെ സ്വേച്ഛാധിപത്യപരമായ പ്രവര്‍ത്തനങ്ങളിൽ വിയോജിപ്പുകള്‍ ഉന്നയിക്കുകയാണ് തങ്ങൾ ചെയ്തതെന്നും ഇത് ആഭ്യന്തര കാര്യമാണെന്നും സചിൻ വിഭാഗം കോടതിയിൽ പറഞ്ഞിരുന്നു. ഇത് വീഴ്ച വരുത്തുന്നതിന് തുല്യമല്ലെന്നും സചിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ കോടതിയിൽ വാദിച്ചു. നിയമസഭയ്ക്ക് പുറത്തുനടക്കുന്ന കാര്യങ്ങള്‍ കൂറുമാറല്‍ വിരുദ്ധ നിയമത്തിന്‍റെ ലംഘനത്തിന്‍റെ പരിധിയില്‍ വരില്ലെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സി.പി.ജോഷി സച്ചിന്‍ പൈലറ്റടക്കമുള്ള 19 എം.എല്‍.എമാര്‍ക്ക് അയോഗ്യത നോട്ടീസ് നൽകിയത്. ഇതിനെതിരെ സചിൻ പക്ഷം കോടതിയെ സമീപിക്കുകയായിരുന്നു.
സച്ചിന്‍ പൈലറ്റ് പക്ഷത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി എന്നിവരാണ് ഹാജരായത്. അഭിഷേക് മനു സിങ്‌വിയാണ് രാജസ്ഥാന്‍ സ്പീക്കര്‍ക്ക് വേണ്ടി ഹാജരായത്.