ഫോണിൽ മുഴുകി നഴ്സ്; യു.പിയിൽ 50കാരിക്ക് കുത്തിവെച്ചത് രണ്ട് ഡോസ് കോവിഡ് വാക്സിൻ
text_fieldsലഖ്നോ: ഫോണിൽ സംസാരിക്കുകയായിരുന്ന നഴ്സിന്‍റെ അശ്രദ്ധമൂലം 50കാരിക്ക് രണ്ട് ഡോസ് കോവിഡ് വാക്സിൻ കുത്തിവെച്ചു. യു.പി കാൺപൂർ ജില്ലയിലെ അക്ബർപൂരിലാണ് സംഭവം.
കമലേഷ് കുമാരി എന്ന സ്ത്രീക്കാണ് രണ്ട് ഡോസ് വാക്സിൻ ഒരുമിച്ച് നൽകിയത്. വീട്ടിനടുത്ത മർഹൗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഇവർ വാക്സിനെടുക്കാൻ പോയത്. ഫോണിൽ സംസാരിച്ചുകൊണ്ടായിരുന്നു ഇവിടെ നഴ്സ് വാക്സിൻ കുത്തിവെപ്പ് എടുത്തുകൊണ്ടിരുന്നത്. അശ്രദ്ധയോടെ കമലേഷ് കുമാരിക്ക് രണ്ട് പ്രാവശ്യം കുത്തിവെപ്പ് എടുക്കുകയായിരുന്നു.
ഇതിനെ കുറിച്ച് നഴ്സിനോട് ഇവർ ചോദിച്ചുവെങ്കിലും, അബദ്ധം സമ്മതിക്കാതെ തട്ടിക്കയറുകയാണ് നഴ്സ് ചെയ്തത്. കമലേഷ് കുമാരിക്ക് കുത്തിവെപ്പെടുത്ത കൈയിൽ വേദനയുണ്ടെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇതുവരെ ഇല്ലെന്നും വീട്ടുകാർ പറഞ്ഞു.
സംഭവം വാർത്തയായതോടെ ഉന്നത അധികൃതർ ഇടപെട്ടു. സംഭവം ഗൗരവമായി കാണുമെന്ന് ജില്ല മജിസ്ട്രേറ്റ് ജിതേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണ ഗതിയിൽ ആദ്യ ഡോസ് കോവിഡ് വാക്സിൻ എടുത്ത് നാല് ആഴ്ച പിന്നിട്ട ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

