Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഇന്ത്യയല്ലെങ്കിൽ...

'ഇന്ത്യയല്ലെങ്കിൽ മറ്റാര്?' ഗസ്സയിലെ ആരോഗ്യമേഖല തകർച്ചയിൽ: അടിയന്തര സഹായം തേടി ഫലസ്തീൻ എംബസി

text_fields
bookmark_border
ഇന്ത്യയല്ലെങ്കിൽ മറ്റാര്? ഗസ്സയിലെ ആരോഗ്യമേഖല തകർച്ചയിൽ: അടിയന്തര സഹായം തേടി ഫലസ്തീൻ എംബസി
cancel

ന്യൂഡൽഹി: ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളിൽ തകർന്നു തരിപ്പണമായ ഗസ്സയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് അടിയന്തര സഹായം അഭ്യർത്ഥിച്ച് ഇന്ത്യയിലെ ഫലസ്തീൻ എംബസി. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം മൂലം ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് എംബസി മുന്നറിയിപ്പ് നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച "ആരോഗ്യ മൈത്രി" പദ്ധതിയുടെ ഭാഗമായി അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്നാണ് എംബസിയുടെ ആവശ്യം. പ്രകൃതിദുരന്തങ്ങളിലും മാനുഷിക പ്രതിസന്ധികളിലും വികസ്വര രാജ്യങ്ങൾക്ക് ഇന്ത്യ നൽകുന്ന സഹായമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. "ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ രക്ഷിക്കാൻ ഇത് കൃത്യമായ സമയമാണ്. ഇന്ത്യയല്ലെങ്കിൽ പിന്നെ ആരാണ് സഹായിക്കുക? ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്?" എന്ന വികാരപരമായ ചോദ്യവും എംബസി ഉന്നയിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഗസ്സയിലെ 36 ആശുപത്രികളിൽ 19 എണ്ണം മാത്രമാണ് ഇപ്പോൾ ഭാഗികമായി പ്രവർത്തിക്കുന്നത്. ശസ്ത്രക്രിയാ ഉപകരണങ്ങൾ, അനസ്തേഷ്യ, ആൻറിബയോട്ടിക്കുകൾ, ഡയാലിസിസ് സപ്ലൈസ്, ഇൻസുലിൻ, ആശുപത്രികൾക്കാവശ്യമായ ഇന്ധനം എന്നിവയുടെ കടുത്ത ക്ഷാമമാണ് നിലവിലുള്ളത്. കാൻസർ ചികിത്സയ്ക്കാവശ്യമായ പകുതിയോളം മരുന്നുകളും തീർന്നുപോയത് ഏകദേശം 4,000 രോഗികളെ മരണഭീതിയിലാഴ്ത്തിയിട്ടുണ്ട്. ശുചിത്വ സംവിധാനങ്ങളുടെ തകർച്ചയും കുടിവെള്ള ക്ഷാമവും മൂലം വലിയൊരു പൊതുജനാരോഗ്യ ദുരന്തമാണ് ഗസ്സയിൽ ഉടലെടുത്തിരിക്കുന്നത്.

ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന് അടിയന്തരമായി 100 മില്യൺ ഡോളർ വിലമതിക്കുന്ന മെഡിക്കൽ സഹായങ്ങൾ ലഭ്യമാക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. ഇന്ത്യൻ സർക്കാർ, വിവിധ മാനുഷിക സംഘടനകൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവയുടെ അടിയന്തര ഇടപെടൽ ഇക്കാര്യത്തിൽ അനിവാര്യമാണെന്ന് എംബസി വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ തുടരുന്ന ആക്രമണങ്ങളിൽ 73,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്കുകൾ. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നും ഇനിയും മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്കുള്ള സവിശേഷമായ സ്ഥാനം കണക്കിലെടുത്ത്, ഈ മാനുഷിക പ്രതിസന്ധിയിൽ രാജ്യം മുൻകൈ എടുക്കുമെന്ന പ്രതീക്ഷയിലാണ് ഫലസ്തീൻ എംബസി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsraelpalastineIndia
News Summary - Health Sector in Gaza on the Verge of Collapse: Palestinian Embassy Seeks Emergency Aid
Next Story