പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ സംസ്കാരത്തിനെത്തിയ അനുജനും പാമ്പ് കടിയേറ്റ് മരിച്ചു
text_fieldsബൽറാംപൂർ, യു.പി: പാമ്പുകടിയേറ്റ് മരിച്ച സഹോദരന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനെത്തിയ അനുജൻ ഉറക്കത്തിൽ പാമ്പുകടിയേറ്റ് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
ബുധനാഴ്ച ഭവാനിപൂർ ഗ്രാമത്തിൽ നടന്ന സഹോദരൻ അരവിന്ദ് മിശ്രയുടെ (38) അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ എത്തിയ ഗോവിന്ദ് മിശ്രയാണ് (22) രാത്രി പാമ്പ് കടിയേറ്റ് മരിച്ചതായി സർക്കിൾ ഓഫീസർ രാധാ രമൺ സിംഗ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ചൊവ്വാഴ്ചയാണ് മുതിർന്ന സഹോദരൻ പാമ്പുകടിയേറ്റ് മരിച്ചത്.
"ഗോവിന്ദ് മിശ്രയെ ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിലാണ് കാണപ്പെട്ടത്. അതേ വീട്ടിൽ ഉണ്ടായിരുന്ന കുടുംബത്തിലെ ബന്ധുക്കളിലൊരാളായ ചന്ദ്രശേഖർ പാണ്ഡെക്കും (22) പാമ്പ് കടിയേറ്റിരുന്നു" -സിംഗ് പറഞ്ഞു. പാണ്ഡെയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഗോവിന്ദ് മിശ്രരയും ചന്ദ്രശേഖർ പാണ്ഡേയും അരവിന്ദ് മിശ്രയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ലുധിയാനയിൽ നിന്ന് ഗ്രാമത്തിൽ എത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുതിർന്ന മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച ഗ്രാമം സന്ദർശിച്ചു. പ്രദേശത്തെ എം.എൽ.എ കൈലാഷ് നാഥ് ശുക്ല കുടുംബത്തെ കാണുകയും അവർക്ക് സഹായം ഉറപ്പ് നൽകുകയും ചെയ്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥരോട് ശുക്ല ആവശ്യപ്പെട്ടു.