‘എന്റെ മകളെ കൊന്നത് അവൻ ഒറ്റക്കല്ല, ബാക്കിയുള്ളവർ പിടിക്കപ്പെട്ടില്ല’; നീതി ലഭിച്ചില്ലെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ
text_fieldsകൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിയെ കുറ്റക്കാരനായി വിധിച്ച വിചാരണ കോടതി ഉത്തരവിൽ പ്രതികരണവുമായി ഡോക്ടറുടെ അമ്മ രംഗത്ത്. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ മകളുടെ മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും അവരെ കൂടി പിടികൂടി നിയമത്തിനു മുന്നിൽ എത്തിച്ചാൽ മാത്രമേ നീതി ലഭിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു. താനും ഭർത്താവും അവസാന ശ്വാസം വരെ നീതിക്കുവേണ്ടി പോരാടുമെന്നും അവർ വ്യക്തമാക്കി.
“സഞ്ജയ് കുറ്റക്കാരനാണെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തെളിഞ്ഞത്. കോടതിയിൽ വിചാരണ നടക്കുമ്പോഴെല്ലാം അയാൾ നിശബ്ദനായിരുന്നു. എന്നാൽ അയാൾ ഒറ്റക്കല്ല അത് ചെയ്തത്. മറ്റുള്ളവർ അറസ്റ്റിലാകാതെ പുറത്തുണ്ട്. നീതി ഇതുവരെ നടപ്പായിട്ടില്ല. കേസ് അവസാനിച്ചിട്ടില്ല. ഞങ്ങളുടെ മകളെ കൊലപ്പെടുത്തിയ എല്ലാവരും ശിക്ഷിക്കപ്പെടുമ്പോൾ മാത്രമേ ഇത് അവസാനിക്കൂ. ആ ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കും. അതുവരെ ഞങ്ങൾക്ക് ഉറങ്ങാനാകില്ല” -കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ പറഞ്ഞു.
ഡ്യൂട്ടി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് ശനിയാഴ്ചയാണ് കോടതി വിധിച്ചത്. തിങ്കളാഴ്ച പ്രതിക്കുള്ള ശിക്ഷ വിധിക്കും. സഞ്ജയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജി അനിരംഭൻ ദാസാണ് കേസിൽ വിധി പ്രസ്താവിച്ചത്. കേസിലെ പ്രതിയായ സിവിക് വളണ്ടിയർ സഞ്ജയ് റോയിക്ക വധശിക്ഷ നൽകണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. നീതി നടപ്പാകുന്ന രീതിയിലുള്ള വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് ആർ.ജി കർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ 31കാരിയായ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേദിവസം രാവിലെ അർധ നഗ്നയാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊൽക്കത്ത പൊലീസാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയത്. പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറി. കേസിൽ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയർന്നുവെങ്കിലും ഒരാൾ മാത്രമാണ് പ്രതിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
കൊൽക്കത്തയെയും ബംഗാളിനെയും രാജ്യത്തെയും വ്യാപക പ്രതിഷേധങ്ങളോടെ പിടിച്ചുകുലുക്കിയ കേസിൽ കൊൽക്കത്ത പൊലീസിലെ സിവിക് വളണ്ടിയർ സഞ്ജയ് റോയി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയെങ്കിലും ജൂനിയർ ഡോക്ടർമാർ തൃപ്തരായില്ല. അന്വേഷണത്തിൽ പരിഹരിക്കപ്പെടാത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. കൂടാതെ സി.ബി.ഐ നടത്തിയ വീഴ്ചകളും അവർ എടുത്തുകാണിച്ചു. ഒന്നിലധികം ആളുകൾ ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആദ്യ ദിവസം മുതൽ ഞങ്ങൾ പറഞ്ഞുവരുന്ന കാര്യമാണെന്ന് ആർ.ജി കറിലെ ജൂനിയർ ഡോക്ടർ അനികേത് മഹാതോ പറഞ്ഞു.
കുറ്റകൃത്യത്തിലെ പ്രധാന പ്രതി സഞ്ജയ് റോയ് ആണെന്ന് അംഗീകരിക്കുന്നു. പക്ഷേ, അത് അയാളുടെ മാത്രം ആയിരുന്നില്ല. രണ്ടാമതായി, തെളിവുകളിൽ കൃത്രിമം നടന്നതായി സി.ബി.ഐ അതിന്റെ പ്രാഥമിക കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. അതിന് എന്ത് സംഭവിച്ചു? ഈ തെളിവുകൾ നശിപ്പിക്കുന്നതിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഈ കേസിൽ നിന്ന് പൂർണമായും മോചിതനാണോ? എന്തുകൊണ്ട് അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നില്ല? അത് എപ്പോൾ ഫയൽ ചെയ്യും? സഞ്ജയ് റോയ് ഒഴികെ ആരൊക്കെയാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്? ഞങ്ങൾക്ക് അറിയണം - അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.