‘20 വർഷമായി മകൻ ലഹരിക്കടിമ,’ മരണത്തിൽ പങ്കില്ലെന്നും പഞ്ചാബ് മുൻ ഡി.ജി.പി
text_fieldsറസിയ സുൽത്താന, ആഖിൽ അക്തർ, മുഹമ്മദ് മുസ്തഫ
സഹാറൻപൂർ (യു.പി): മകൻ ആഖിൽ അഖ്തർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കേസെടുത്ത ഹരിയാന പൊലീസ് നടപടിക്കെതിരെ പഞ്ചാബ് മുൻ ഡി.ജി.പി മുഹമ്മദ് മുസ്തഫ. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തെ സ്വാഗതം ചെയ്ത അദ്ദേഹം വരും ദിവസങ്ങളിൽ സത്യം പുറത്തുവരുമെന്ന് കൂട്ടിച്ചേർത്തു.
1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുസ്തഫ, ഭാര്യയും പഞ്ചാബ് മുൻ മന്ത്രിയുമായ റസിയ സുൽത്താന എന്നിവർക്കൊപ്പം മകന്റെ ഭാര്യക്കും സഹോദരിക്കുമെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയാണ് ഹരിയാന പഞ്ച്കുളയിലെ വസതിയിൽ 35കാരനായ ആഖിൽ അക്തറിനെ അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. വൈകാതെ, ആഖിലിന്റെ സമൂഹ മാധ്യമ പോസ്റ്റുകളും വിഡിയോകളും പുറത്തുവന്നു. തുടർന്നാണ് കേസെടുത്തത്.
ആഗസ്റ്റ് 27ന് ആഖിൽ സമൂഹ മാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുശേഷം നീക്കിയിരുന്നു. അത് ഡൗൺലോഡ് ചെയ്തവരാണ് ഇപ്പോൾ കുടുംബത്തെ അപകീർത്തിപ്പെടുത്താൻ രംഗത്തുള്ളതെന്ന് മുഹമ്മദ് മുസ്തഫ ആരോപിച്ചു.
കേസിന് പിന്നിൽ വൃത്തികെട്ട രാഷ്ട്രീയമാണ്. രണ്ടു പതിറ്റാണ്ടായി മകൻ ലഹരിമരുന്നിന് അടിമയാണ്. അമിത അളവിൽ ലഹരിമരുന്ന് കുത്തിവെച്ചാണ് ആഖിൽ മരിച്ചതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ലഹരിമരുന്ന് വാങ്ങാൻ പണത്തിനായി ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചു. ഒരിക്കൽ വീടിന് തീയിട്ടു. വർഷങ്ങളായി ലഹരി മുക്തിക്കായി ചികിത്സയിലായിരുന്നുവെന്നും മുഹമ്മദ് മുസ്തഫ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

