‘രാവിലെ അയാൾ പാർലമെന്റിലെത്തുന്നത് മദ്യപിച്ച്’; പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെതിരെ രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി, ഭഗവന്ത് മാൻ
ന്യൂഡൽഹി: പഞ്ചാബിലെ ലഹരിവ്യാപനം തടയുന്നതിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ പരാജയപ്പെട്ടെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പാർലമെന്റിൽ ഒരുമിച്ചുണ്ടായിരുന്ന കാലത്ത് മാനിൽ നിന്ന് മദ്യത്തിന്റെ മണം അനുഭവപ്പെട്ടിരുന്നുവെന്നും രാഹുൽ പറഞ്ഞു.
സംഗ്രൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ഇൻസാഫ് റാലി’യെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ആം ആദ്മി പാർട്ടി (എഎപി) സർക്കാരിനെതിരെയും അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചു. ഡൽഹിയിലെ നേതാക്കളാണ് പഞ്ചാബ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും സംസ്ഥാനത്തെ ലഹരി ഉപയോഗം തടയാൻ സർക്കാരിന് കഴിയുമോ എന്ന ചോദ്യവും ഉന്നയിച്ചു.
‘ഞാൻ അദ്ദേഹത്തോടൊപ്പം ലോക്‌സഭയിലുണ്ടായിരുന്നു. അദ്ദേഹം ഞങ്ങൾക്കൊപ്പം ഇരിക്കുകയും തമാശകൾ പറയുകയും ചെയ്യുമായിരുന്നു. എന്നാൽ രാവിലെ 11 മണിയാകുമ്പോഴേക്കും അദ്ദേഹത്തിന്റെ ശ്വാസത്തിൽ മദ്യത്തിന്റെ മണം അനുഭവപ്പെടുമായിരുന്നു.’ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം ലോക്‌സഭയിൽ ചെലവഴിച്ച കാലം അനുസ്മരിച്ച രാഹുൽ പറഞ്ഞു.
മദ്യപാനം വ്യക്തിപരമായ കാര്യമാണെങ്കിലും, മുഖ്യമന്ത്രിയുടെ പെരുമാറ്റം സംസ്ഥാനത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തെ ബാധിക്കുന്ന വിഷയമാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പഞ്ചാബ് സർക്കാരിന്റെ ഭരണം ഡൽഹിയിൽ നിന്നാണ് നിയന്ത്രിക്കപ്പെടുന്നതെന്നും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാന സർക്കാരിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
‘പഞ്ചാബിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് ഇവിടുത്തെ ജനങ്ങൾക്ക് ആവശ്യം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പഞ്ചാബ് സർക്കാരിന്റെ ഭരണം ഡൽഹിയിൽ നിന്നായിരിക്കില്ല. പഞ്ചാബ് സർക്കാരിനെ പഞ്ചാബിൽ നിന്നുതന്നെ ഞങ്ങളുടെ പാർട്ടി നയിക്കും,’ -രാഹുൽ പറഞ്ഞു.
‘ലഹരിപ്രശ്നം പരിഹരിക്കാൻ അമിത് ഷാ എത്ര സമയമാണ് നിശ്ചയിച്ചിരിക്കുന്നത്? മൂന്ന് വർഷത്തിനുള്ളിലോ? മൂന്ന് വർഷം കഴിയുമ്പോഴേക്കും അമിത് ഷാ ആഭ്യന്തര മന്ത്രിയായിരിക്കില്ലല്ലോ’ രാഹുൽ ഗാന്ധി പരിഹസിച്ചു. പഞ്ചാബിലെ ലഹരിപ്രശ്നം മൂന്ന് വർഷത്തിനുള്ളിൽ പൂർണമായും ഇല്ലാതാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തെയാണ് രാഹുൽ ഗാന്ധി ചോദ്യം ചെയ്തത്.
ജനങ്ങൾക്ക് തൊഴിലവസരങ്ങളും മികച്ച അവസരങ്ങളും സൃഷ്ടിക്കുന്നതിനായി പഞ്ചാബിൽ കൂടുതൽ വ്യവസായങ്ങളും ഫാക്ടറികളും ശക്തമായ കാർഷിക മേഖലയും ആവശ്യമാണെന്നും സാമ്പത്തിക അവസരങ്ങളുടെ അഭാവം യുവാക്കളെ ലഹരിയുടെ വഴിയിലേക്കും ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനങ്ങളിലേക്കും നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുള്ള സംവാദത്തിന് വെല്ലുവിളിച്ച കാര്യവും അദ്ദേഹം പറഞ്ഞു. ‘സംവാദം തുടങ്ങിയാൽ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ നരേന്ദ്ര മോദി രാജ്യദ്രോഹിയാണെന്നും ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണ് അദ്ദേഹമെന്നും തെളിയിക്കാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ -രാഹുൽ ഗാന്ധി പറഞ്ഞു.

