ഗ്രാമത്തിലെ ദലിത്, ആദിവാസി കുട്ടികൾക്ക് വേണ്ടി നിർമിച്ച സ്കൂൾ മദ്റസയാണെന്ന് വ്യാജ പ്രചാരണം, പിന്നാലെ പൊളിച്ചു നീക്കൽ
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ തന്റെ ഗ്രാമത്തിൽ ദലിത്, ആദിവാസി വിഭാഗങ്ങളിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അബ്ദുൽ നഈം എന്ന സാധാരണക്കാരൻ പടുത്തുയർത്തിയ വിദ്യാലയം ഭരണകൂടം പൊളിച്ചു നീക്കി. തന്റെ ആയുഷ്കാലത്തെ സമ്പാദ്യവും കടം വാങ്ങിയ 20 ലക്ഷം രൂപയും ചേർത്ത് അദ്ദേഹം പടുത്തുയർത്തിയ സ്വപ്നക്കൂടാരമാണ് അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ കാരണം പൊളിച്ചു നീക്കിയത്.
നഴ്സറി ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി നിർമിച്ച സ്വകാര്യ സ്കൂൾ അനധികൃതമായി പ്രവർത്തിക്കുന്ന മദ്റസയാണെന്ന തെറ്റായ വാർത്ത പ്രചരിച്ചതോടെയാണ് അധികൃതർ പൊളിക്കൽ നടപടിയുമായെത്തിയത്. ബെതൂലിലെ താമസക്കാരനായ അബ്ദുൽ നഈം 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് വ്യാജപ്രചാരണത്തെ തുടർന്ന് പൊളിച്ച് നീക്കിയത്.
തന്റെ സമ്പാദ്യവും കടം വാങ്ങിയ പണവും ഉപയോഗിച്ചാണ് നഈം തന്റെ ഗ്രാമത്തിലെ കുട്ടികൾക്ക് വേണ്ടി സ്കൂൾ നിർമിച്ചത്. ‘എന്റെ നാട്ടിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. ഇതിനായി പഞ്ചായത്തിന്റെ അനുമതി വാങ്ങുകയും വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. പക്ഷേ, പണി പൂർത്തിയാകും മുൻപേ അവർ അത് തകർത്തു കളഞ്ഞു’വെന്ന് നഈം പറഞ്ഞു.
ഭരണകൂടത്തിന്റെ ഉത്തരവിനെ തുടർന്ന് സ്ഥലത്തെത്തിയ മണ്ണുമാന്തി യന്ത്രങ്ങൾ കെട്ടിടത്തിന്റെ മതിലുകളും മുൻവശത്തെ ഷെഡും തകർത്തിട്ടുണ്ട്. തനിക്ക് അവകാശപ്പെട്ട ഭൂമിയിലാണ് നഈം കെട്ടിടമുയർത്തിയത്. സ്വകാര്യ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനായി മാറ്റിയെടുത്ത് പഞ്ചായത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. സ്കൂളിന് അംഗീകാരം ലഭിക്കുന്നതിനായി ഡിസംബറിൽ വിദ്യാഭ്യാസ വകുപ്പിൽ അപേക്ഷയും സൽകിയിരുന്നു. തുടർന്ന് നിർമാണം പുരോഗമിക്കുന്നതിനിടെയാണ് ഇവിടെ മദ്റസയാണ് നിർമിക്കുന്നതെന്ന രീതിയിൽ വ്യാജപ്രചാരണം പരക്കാൻ തുടങ്ങിയത്.
പ്രചാരണം തന്നെ വേദനിപ്പിച്ചെന്ന് നഈം പറഞ്ഞു. ‘വെറും മൂന്ന് മുസ്ലിം കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഗ്രാമത്തിൽ എങ്ങനെയാണ് ഒരു മദ്റസ പ്രവർത്തിക്കുക? കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ടില്ല, അവിടെ കുട്ടികളോ ക്ലാസുകളോ തുടങ്ങിയിട്ടില്ല...’ നഈം വികാരധീനനായി പറഞ്ഞു.
മതിയായ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 11നാണ് പഞ്ചായത്ത് നഈമിന് നോട്ടീസ് നൽകിയത്. ഇതിന് മറുപടി നൽകാൻ നഈം പഞ്ചായത്ത് ഓഫിസിൽ എത്തിയെങ്കിലും അധികൃതർ അപേക്ഷ സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് ജനുവരി 13ന് നഈമും ഗ്രാമവാസികളും ജില്ലാ കളക്ടറെ കാണാൻ പോയ സമയത്താണ് വൻ പൊലീസ് സന്നാഹത്തോടെ ഭരണകൂടം സ്കൂളിലെത്തി കെട്ടിടം പൊളിച്ചു തുടങ്ങിയത്.
കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടിയെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അജിത് മറാവി ന്യായീകരിച്ചു. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പുറമ്പോക്ക് ഭൂമിയിലാണെന്നും നിയമലംഘനം നടന്നതായി പഞ്ചായത്ത് പരാതിപ്പെട്ടതിനാലാണ് നടപടിയെടുത്തതെന്നും ഡിവിഷണൽ മജിസ്‌ട്രേറ്റ് വിശദീകരിച്ചു.
എന്നാൽ ഈ ആരോപണത്തെ നഈം നിഷേധിച്ചു. തനിക്ക് പഞ്ചായത്തിന്റെ അനുമതി പത്രം ഉണ്ടെന്നും രേഖകളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പിഴയടക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഗ്രാമത്തിന്റെ ഉയർച്ചക്കായി കുടുംബത്തിന്റെ സമ്പാദ്യവും ഏകദേശം 20 ലക്ഷം രൂപ കടമെടുത്തും പടുത്തുയർത്തിയ തന്റെ സ്വപ്ന പദ്ധതി കൺമുന്നിൽ തകർന്നടിയുന്നത് കാണേണ്ടി വന്ന ആഘാതത്തിലാണ് ഈ ഗ്രാമവാസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

