മോദിക്കും അദാനിക്കുമെതിരെ നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നതിനാലാണ് സഞ്ജയ് സിങിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയത് - ആം ആദ്മി പാർട്ടി
text_fieldsഡൽഹി: മോദിക്കും അദാനിക്കുമെതിരെ നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നതിനാലാണ് സഞ്ജയ് സിങിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയതെന്ന് ആം ആദ്മി പാർട്ടി. അവിടെ നിന്ന് ഒന്നും കണ്ടെടുക്കാൻ പോകുന്നില്ലെന്നും ആം ആദ്മി പാർട്ടി വക്താവ് റീന ഗുപ്ത പറഞ്ഞു.
"സഞ്ജയ് സിങ് നിരന്തരമായി മോദിക്കും അദാനിക്കുമെതിരെ ചോദ്യങ്ങൾ ഉയർത്തുന്നു. അതാണ് അദ്ദേഹത്തിന്‍റെ വീട്ടിൽ റെയ്ഡുകൾ നടക്കാൻ കാരണം. നേരത്തെയും ഒന്നും കണ്ടെത്തിയിട്ടില്ല. ഇപ്പോഴും ഒന്നും കണ്ടെത്താൻ പോകുന്നില്ല. ഇന്നലെ മാധ്യമപ്രവർത്തകരുടെ വീട്ടിൽ റെയ്ഡ് നടന്നു. ഇന്ന് സഞ്ജയ് സിങിന്‍റെ വീട്ടിൽ നടക്കുന്നു. ഞങ്ങൾക്ക് ഭയമില്ല"- റീന ഗുപ്ത പറഞ്ഞു.
അന്വേഷണ ഏജൻസി അവരുടെ ജോലി ചെയ്യുകയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സഞ്ജയ് സിങിന്‍റെ പിതാവ് അറിയിച്ചു. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് സഞ്ജയ് സിങ്ങിന്റെ വസതിയിൽ ഇ.ഡി സംഘം റെയ്ഡ് നടത്തിയത്. കേസിൽ അദ്ദേഹവുമായി അടുപ്പമുള്ള പലരുടെയും വീടുകളിലും പരിശോധന നടത്തിയിരുന്നു.
നേരത്തെ ധനകാര്യ സെക്രട്ടറി ടി.വി സോമനാഥിന് അയച്ച കത്തിൽ ഇ.ഡി ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറും യാതൊരു അടിസ്ഥാനവുമില്ലാതെ തന്നെ അപകീർത്തിപ്പെടുത്താൻ ആരോപണങ്ങൾ ഉന്നയിക്കുന്നതായി സഞ്ജയ് സിങ് വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥർ പദവി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

