ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൻ അഭിജിത് മുഖർജി അറിയിച്ചു. ചികിത്സയോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും അഭിജിത് ട്വീറ്റിൽ പറഞ്ഞു. ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലാണ് പ്രണബ് മുഖർജി ചികിത്സയിലുള്ളത്.
'കഴിഞ്ഞ ദിവസം പിതാവിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ദൈവത്തിന്‍റെ കാരുണ്യവും നിങ്ങളെല്ലാവരുടെയും പ്രാർഥനയുടെയും ഫലമായി അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. ചികിത്സയോട് പ്രതികരിക്കുന്നുണ്ട്. അദ്ദേഹം ഉടൻ തന്നെ ഞങ്ങൾക്കിടയിലേക്ക് തിരികെ വരുമെന്ന് ഉറപ്പുണ്ട്' -അഭിജിത് മുഖർജി ഞായറാഴ്ച രാവിലെ ട്വീറ്റ് ചെയ്തു.
ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും വെന്‍റിലേറ്ററിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഈ മാസം 10നാണ് പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിന് പിന്നാലെ കോവിഡ് സ്ഥിരീകരിക്കുക കൂടി ചെയ്തതോടെയാണ് നില വഷളായത്.