ആ പ്രതികരണത്തിൽ ഞാൻ അഭിപ്രായം പറയാനില്ല; പ്രസ്താവനക്ക് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടാവും, രാഹുലിനെ തള്ളി തരൂർ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ വീണ്ടും തള്ളി ശശി തരൂർ എം.പി. ഡോണൾഡ് ട്രംപിന്റെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് പ്രതികരണത്തെ പിന്തുണച്ച രാഹുൽ ഗാന്ധിയുടെ നടപടിക്കെതിരെയാണ് തരൂർ രംഗത്തെത്തിയത്. ഇന്ത്യയുടേയും റഷ്യയുടേതും മരിച്ച സമ്പദ്‍വ്യവസ്ഥയാണെന്ന ട്രംപിന്റെ പ്രസ്താവനയെ രാഹുൽ പിന്തുണച്ചിരുന്നു. ഇതിലാണ് തരൂരിന്റെ പ്രതികരണം.
രാഹുലിന്റെ പ്രസ്താവനയിൽ അഭിപ്രായം പറയാൻ താനില്ലെന്ന് ശശി തരൂർ പറഞ്ഞു. അത്തരമൊരു പ്രസ്താവന നടത്താൻ രാഹുലിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് ഇന്ത്യയുടെ പ്രധാനവ്യാപാര പങ്കാളിയാണെന്നും തരൂർ പറഞ്ഞു. 90 ബില്യൺ യു.എസ് ഡോളറിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യ യു.എസിലേക്ക് കയറ്റി അയക്കുന്നത്. യു.എസുമായുള്ള വ്യാപാരകരാറുണ്ടാക്കാൻ ശ്രമങ്ങൾ തുടരണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
ഇന്ത്യയുടേത് മരിച്ച സമ്പദ്‍വ്യവസ്ഥയാണെന്ന പ്രസ്താവനയെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ട്രംപ് പറഞ്ഞത് ശരിയാണ്. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമൊഴികെ മറ്റെല്ലാവർക്കും ഇത് അറിയാം. ട്രംപ് സത്യം പറഞ്ഞതിൽ തനിക്ക് സന്തോഷമുണ്ട്. ലോകത്തിന് മുഴുവൻ ഇന്ത്യയുടേത് മരിച്ച സമ്പദ്‍വ്യവസ്ഥയാണെന്ന് അറിയാം. അദാനിക്ക് വേണ്ടി മോദി ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ കൊന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തിക്ക് വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്. ട്രംപ് പറയുന്നത് മാത്രമാണ് മോദി ചെയ്യുന്നത്. ഇന്നത്തെ ഇന്ത്യ നേരിടുന്ന പ്രധാനപ്രശ്നം എൻ.ഡി.എ സർക്കാർ സമ്പദ്‍വ്യവസ്ഥ തകർത്തുവെന്നതാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. നേരത്തെ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പടെയുള്ള ഇന്ത്യൻ സർക്കാറിന്റെ നടപടിയെ പ്രകീർത്തിച്ച് ശശിതരൂർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

