'അവൻ അങ്ങനെ മരിക്കേണ്ടവനായിരുന്നില്ല'; ഡൽഹി കലാപത്തിനിടെ പൊലീസ് മർദനത്തിൽ ഫൈസാൻ കൊല്ലപ്പെട്ടിട്ട് മൂന്നാണ്ട്
text_fields"അവൻ അങ്ങനെ മരിക്കേണ്ടവനായിരുന്നില്ല".. അണപൊട്ടിയൊഴുകുന്ന വിലാപങ്ങൾക്കും കുത്തിയൊഴുകുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കുമിടയിൽ കിസ്മത്തൂൻ പറഞ്ഞുനിർത്തി, അവൻ അങ്ങനെ മരിക്കേണ്ടവനായിരുന്നില്ല.
വടക്കുകിഴക്കൻ ഡൽഹിയിലെ കർദാംപുരിയിലെ ഇടുങ്ങിയ തെരുവുകൾക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും കിസ്മത്തൂനിന്‍റെ ലോകം മാറ്റിമറിച്ചത് മകൻ ഫൈസാന്‍റെ മരണമായിരുന്നു.
2020 ഫെബ്രുവവരി, ഡൽഹിയിൽ കലാപം നടക്കുന്ന കാലം. ഫൈസാൻ ഉൾപ്പെടെ അഞ്ച് പേരെ അന്ന് പൊലീസ് കൂട്ടമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇവരോട് ദേശീ. ഗാനം ആലപിക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അക്രമണം നടന്ന് ഏറെ നേരെ പിന്നിട്ട ശേഷമാണ് ഫൈസാനെ പൊലീസ് ആശുപത്രിയിലെത്തിക്കുന്നത്. പിന്നാലെ കസ്റ്റഡിയിലേക്ക് മാറ്റി. പൗരത്വ ബില്ലിനെതിരായ സമരങ്ങൾ നടക്കുന്ന പ്രദേശത്തേക്കെത്തിയതായിരുന്നു ഫൈസാനെ ആക്രമിക്കാനുള്ള പൊലീസിന്‍റെ കാരണം. 2020 പെബ്രുവരി 26ന് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതിന് തൊട്ടടുത്ത ദിവസം ഫൈസാൻ മരണത്തിന് കീഴടങ്ങി. മർദനത്തിന്‍റെ ആഘാതമാണ് മരണത്തിന് കാരണമായെതെന്ന് ഫൈസാന്‍റെ കുടുംബം അന്നേ ആരോപിച്ചിരുന്നു.
മകന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കിസ്മത്തൂൻ അന്ന് മുതൽക്കേ നിയമപോരാട്ടം തുടരുകയാണ്. ഫൈസാന്‍റെ മരണത്തിന് പിന്നാലെ മകളുടെയും മരുമകന്റെയും അകാല മരണം, നവവധുവായ മരുമകളുടെ ആത്മഹത്യ തുടങ്ങി കിസ്മത്തൂനിന്‍റെ ജീവിതത്തിൽ പല ദുരന്തങ്ങളും സംഭവിച്ചിരുന്നു. മരുമകളുടെ ആത്മഹത്യക്ക് പിന്നാലെ കിസ്മത്തൂനിനും മക്കൾക്കുമെതിരെ പൊലീസ് സ്ത്രീധനക്കുറ്റം ചുമത്തി കേസെടുത്തു. കുടുംബത്തെ അറസ്റ്റ് ചെയ്തു. മകൻ സൽമാനെയും നദീമിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സൽമാൻ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. എട്ട് മാസത്തോളം അക്കാലത്ത് കിസ്മത്തൂൻ ജയിലിൽ കഴിഞ്ഞിരുന്നു. ജയിൽ മോചിതയായ ശേഷം വീണ്ടും ഫൈസാന് നീതി തേടി കിസ്മത്തൂൻ യാത്ര തുടങ്ങിയിരുന്നുവെങ്കിലും മുമ്പ് സഹായിച്ചിരുന്ന പലരും പിന്നീട് സംസാരിക്കാതെയായെന്ന് അവർ പറയുന്നു. ഫൈസാനൊപ്പം മർദിക്കപ്പെട്ടവരുമായി നിരന്തരം സമ്പർക്കത്തിലുണ്ടായിരുന്നു, എന്നാൽ ജയിൽമോചിതയായ ശേഷം ആരും തന്നോട് സംസാരിക്കുന്നില്ലെന്നും കാരണം വ്യക്തമാകുന്നില്ലെന്നും കിസ്മത്തൂൻ പറയുന്നു.
“അമ്മിയെ അന്വേഷിക്കാൻ ഫൈസാൻ ഉച്ചകഴിഞ്ഞ് (ഫെബ്രുവരി 24 ന്) വീട്ടിൽ നിന്ന് ഇറങ്ങി. അവൾ സി.എ.എ- എൻ.ആർ.സി വിരുദ്ധ പ്രതിഷേധം നടക്കുന്നിടത്തായിരുന്നു" ഫൈസാന്‍റെ സഹോദരൻ നദീം തന്‍റെ ജ്യേഷ്ഠനെ അവസാനമായി കണ്ടത് അങ്ങനെയായിരുന്നു. കിസ്മത്തൂൻ വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഫൈസാനെ കാണാതായതോടെയാണ് കുടുംബം തിരഞ്ഞിറങ്ങുന്നത്. പിന്നാലെയാണ് ഫൈസാൻ പൊലീസിന്‍റെ ക്രൂരമർദനത്തിന് ഇരയായെന്ന് മനസിലാക്കുന്നതും മർദനത്തിന്‍റെ വീഡിയോ പ്രചരിക്കുന്നതും.
മകനെ കൊന്നവരെ താൻ മരിക്കും മുമ്പ് കണ്ടെത്തണം എന്നത് മാത്രമാണ് കിസ്മത്തൂന്‍റെ ആവശ്യം. മകൻ മരിച്ച് മൂന്നാണ്ട് തികയുമ്പോഴും സംഭവവുമായി ബന്ധപ്പെട്ട ആരുടേയും പേര് വെളിപ്പെടുത്താനോ ആർക്കുമെതിരെ നടപടിയെടുക്കാനോ പൊലീസിന് സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

