ബാറ്റ് പിടിക്കാൻ പോലും അറിയാത്തയാളാണ് ഐ.സി.സി തലവൻ; ജയ് ഷാക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഐ.സി.സി ചെയർമാൻ ജയ് ഷാക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ബിഹാറിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് രാഹുലിന്റെ വിമർശനം. നവംബർ 11ന് വോട്ടെടുപ്പ് നടക്കുന്ന ഭഗൽപൂരിലാണ് രാഹുൽ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ഇതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നിങ്ങൾ അദാനിയുടേയോ അംബാനിയുടേയോ അമിത് ഷായുടേയോ മകനാണെങ്കിൽ മാത്രമേ വലിയ സ്വപ്നങ്ങൾ കാണാൻ നിങ്ങൾക്ക് അവകാശമുള്ളു. എങ്ങനെ ബാറ്റ് പിടിക്കണമെന്ന് പോലും അറിയാത്ത ജയ് ഷായാണ് ഇന്ന് ഐ.സി.സിയെ നയിക്കുന്നത്. അയാൾ ക്രിക്കറ്റിലെ എല്ലാം നിയന്ത്രിക്കുന്നു. എന്തുകൊണ്ടാണ് അയാൾ എല്ലാം നിയന്ത്രിക്കുന്നത്. അതിന് പണം എന്ന ഉത്തരം മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.പാവപ്പെട്ട ജനങ്ങളുടെ ഭൂമി അദാനി, അംബാനി പോലുള്ള വ്യവസായികൾക്ക് കേന്ദ്രസർക്കാർ സമ്മാനമായി നൽകുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
2009 മുതൽ അഹമ്മദാബാദിലെ സെൻട്രൽ ബോർഡ് ഓഫ് ക്രിക്കറ്റിന്റെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണരംഗത്തേക്ക് ചുവടുവെക്കുന്നത്.
2013 സെപ്റ്റംബറിൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ (ജിസിഎ) ജോയിന്റ് സെക്രട്ടറിയായി നിയമിതനായി. ജോയിന്റ് സെക്രട്ടറിയായിരുന്ന കാലത്ത്, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് അന്ന് ജിസിഎ പ്രസിഡന്റായിരുന്ന പിതാവ് അമിത് ഷായ്‌ക്കൊപ്പം അദ്ദേഹം മേൽനോട്ടം വഹിച്ചു.
2015ൽ ഷാ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) ധനകാര്യ, മാർക്കറ്റിംഗ് കമ്മിറ്റികളിൽ അംഗമായി. പിന്നീട് ബി.സി.സി.ഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയ് ഷാ 2021ൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായി. 2024 ഡിസംബർ വരെ അദ്ദേഹം പദവിയിൽ തുടർന്നു. 2024 ഡിസംബറിൽ ഐ.സി.സി തലപ്പത്തേക്കും ജയ് ഷായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

