ന്യൂഡൽഹി: കർണാടകത്തിൽ ജെ.ഡി.എസ്-കോൺഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ പാർട്ടികളുടെ പൊതുവേദിയാവും. കഴിഞ്ഞ നാലു വർഷത്തിനിടയിൽ കാണാത്തവിധം, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിപക്ഷ നേതാക്കളുടെ ഒത്തുചേരലിനാണ് ബംഗളൂരു ഒരുങ്ങുന്നത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ബി.എസ്.പി നേതാവ് മായാവതി, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി പ്രമുഖരുടെ നിരതന്നെ സത്യപ്രതിജ്ഞ ചടങ്ങിന് എത്തുന്നുണ്ട്. ബി.ജെ.പിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ഒന്നിച്ചു നിൽക്കണമെന്ന് താൽപര്യപ്പെടുന്നവരാണ് ബംഗളൂരുവിൽ ഒത്തുകൂടുന്നത്.
കർണാടകത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പൊടുന്നനെ രൂപപ്പെട്ട കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം ബി.ജെ.പിയിതര പ്രതിപക്ഷനിരയിൽ പുതിയ ഉണർവ് ഉണ്ടാക്കിയിട്ടുണ്ട്. നേതാവ് ആരായിരിക്കണമെന്ന പ്രധാന വിഷയത്തിന് ഉത്തരം തേടുേമ്പാൾ തന്നെ, ബി.ജെ.പിയെ അധികാരത്തിൽനിന്നു താഴെയിറക്കാൻ യോജിച്ച നീക്കം വേണമെന്ന കാഴ്ചപ്പാട് എല്ലാവർക്കുമുണ്ട്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മറ്റു പാർട്ടികൾ അംഗീകരിക്കണമെന്ന താൽപര്യമാണ് കോൺഗ്രസിേൻറത്. എന്നാൽ, മമത മായാവതി തുടങ്ങി ഒാരോ പാർട്ടികളും സ്വീകരിക്കുന്ന നിലപാട് ഇക്കാര്യത്തിൽ പ്രധാനമാവും.