കർണാടകയിൽ കുമാരസംഭവം
text_fieldsബംഗളൂരു: അപ്രതീക്ഷിത വഴിത്തിരിവുകളാണ് ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയുടെ രാഷ്ട്രീയജീവിതം. അവിചാരിത കൂട്ടുകെട്ടിലൂടെ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് അടുക്കുേമ്പാൾ ഇത്തവണ കുമാരസ്വാമിക്കും ജെ.ഡി.എസിനും ബംപറാണ്. 2013ൽ നേടിയതിലും രണ്ട് സീറ്റ് കുറവ് വന്നിട്ടും മുഖ്യമന്ത്രിയായി കുമാരസ്വാമിയെ കണ്ണുംപൂട്ടി കോൺഗ്രസിന് സമ്മതിക്കേണ്ടിവരുന്നത്, അദ്ദേഹത്തിെൻറ നിയോഗം കൂടിയായി; ജെ.ഡി.എസ് എന്ന പ്രാദേശിക പാർട്ടിയുടെയും. കർണാടക രാഷ്ട്രീയത്തിൽ എന്നും വിലപേശൽ ശക്തിയായിനിന്നതാണ് ജെ.ഡി.എസിെൻറ ചരിത്രം.
കിങ് മേക്കറല്ല, താൻ കിങ് തന്നെയാണെന്ന് തുടക്കംമുതലെ ആത്മവിശ്വാസം പ്രകടിപ്പിച്ച കുമാരസ്വാമി വൈകാതെ കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയാകും. 2006ൽ ബി.ജെ.പിയുമായി ജെ.ഡി.എസ് കൂട്ടുകൂടിയതിനെത്തുടർന്ന് പിതാവ് എച്ച്.ഡി. ദേവഗൗഡയുടെ മതേതരത്വ പ്രതിച്ഛായക്കേറ്റ കളങ്കം മായിച്ചുകളയുകയാണ് മുഖ്യമന്ത്രി പദത്തേക്കാൾ പ്രധാനപ്പെട്ടതെന്നായിരുന്നു എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞദിവസം പറഞ്ഞത്. ബി.ജെ.പിയെ അധികാരത്തിൽനിന്നും താഴെയിറക്കിയതോടെ പിതാവിെൻറ ആഗ്രഹവും മകൻ നിറവേറ്റി.തുടക്കംമുതലെ കോൺഗ്രസിെൻറ പിന്തുണ സ്വീകരിച്ച് എം.എൽ.എമാരെ സംരക്ഷിക്കുന്നതിൽ തന്ത്രങ്ങൾ മെനഞ്ഞ കുമാരസ്വാമി ഒരേസമയം കിങ് മേക്കറും കിങ്ങും ആവുകയാണ്.
വോട്ടെണ്ണലിനുശേഷം നിരുപാധിക പിന്തുണയാണ് ജെ.ഡി.എസിന് കോൺഗ്രസ് നൽകിയത്. അതിനാൽതന്നെ സംസ്ഥാനത്ത് ആദ്യമായി അഞ്ചുവർഷം ഭരിക്കാനുള്ള ഭാഗ്യമാണ് ജെ.ഡി.എസിന് വന്നുചേരുന്നത്. ബി.ജെ.പിയെ അധികാരത്തിലേറ്റാതിരിക്കാൻ ഉപാധികളൊന്നുമില്ലാതെ ജെ.ഡി.എസിനൊപ്പം നിൽക്കുമെന്ന ഉറപ്പ് തുടർന്നും കോൺഗ്രസിന് പാലിക്കേണ്ടതിനാൽ മുഖ്യമന്ത്രിപദം വെച്ചുമാറാനുള്ള സാഹചര്യംപോലും നിലനിൽക്കുന്നില്ല.
സിനിമ മേഖലയിലായിരുന്ന കുമാരസ്വാമി 1996ലാണ് രാഷ്ട്രീയത്തിലെത്തുന്നത്. കന്നട സൂപ്പർസ്റ്റാർ രാജ്കുമാറിെൻറ കറകളഞ്ഞ ആരാധകനായിരുന്നു. എം.പിയായും പിന്നീട് എം.എൽ.എയായും രാഷ്ട്രീയത്തിൽ സജീവമായ കുമാരസ്വാമി 2004 നുശേഷമാണ് കിങ്മേക്കറാവുന്നത്. 2004 ൽ കോൺഗ്രസും ജെ.ഡി.എസും ചേർന്ന് സർക്കാർ രൂപവത്കരിച്ചെങ്കിലും 2006ൽ കുമാരസ്വാമി കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചു.
തുടർന്ന് ബി.ജെ.പിയുമായി ചേർന്ന് കുമാരസ്വാമി ആദ്യമായി മുഖ്യമന്ത്രിയുമായി. അധികം വൈകാതെ അധികാരത്തർക്കത്തിെൻറ പേരിൽ സഖ്യം തകരുകയും കുമാരസ്വാമി രാജിവെക്കുകയുമായിരുന്നു. എന്നാൽ, ഇത്തവണ പന്ത് തുടക്കംമുതലെ കുമാരസ്വാമിക്കൊപ്പമായിരുന്നു. കോൺഗ്രസ് 78 സീറ്റുകളിലേക്ക് ചുരുങ്ങിയതോടെയാണ് എല്ലാ ഉപാധികളും ഉപേക്ഷിച്ച് ജെ.ഡി.എസിന് നിരുപാധിക പിന്തുണനൽകാൻ തീരുമാനിക്കുന്നതും കുമാരസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
