അഞ്ചുമണിക്കൂറിനുള്ളിൽ ആ പോസ്റ്റുകൾ നീക്കം ചെയ്യണം; അല്ലെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും; വനിത മാധ്യമ പ്രവർത്തകരെ വേശ്യകളോടുപമിച്ച അഭിജിത്ത് അയ്യർ മിത്രയോട് ഹൈകോടതി
text_fieldsന്യൂഡൽഹി: ന്യൂസ്ലോൺട്രി വെബ്സൈറ്റിലെ വനിത മാധ്യമപ്രവർത്തകർക്കെതിരെ അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട രാഷ്ട്രീയ നിരൂപകൻ അഭിജിത് അയ്യർ മിത്രക്ക് താക്കീതുമായി ഡൽഹി ഹൈകോടതി. വനിത മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലിട്ട എല്ലാ പോസ്റ്റുകളും അഞ്ചുമണിക്കൂറിനുള്ളിൽ ഒഴിവാക്കണമെന്നും ഹൈകോടതി നിർദേശം നൽകി. അല്ലാത്ത പക്ഷം ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ന്യൂസ്ലോൺട്രി വെബ്സൈറ്റിലെ ഒമ്പതു വനിതാമാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചാണ് അഭിജിത് അയ്യർ മിത്ര പോസ്റ്റിട്ടത്. മിത്രയുടെ അധിക്ഷേപ പോസ്റ്റുകൾക്കെതിരെ ന്യൂസ്ലോൺട്രിയിലെ വനിത മാധ്യമപ്രവർത്തകർ ഡൽഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. അപകീർത്തികരവും തീർത്തും തെറ്റിദ്ധാരണ പരത്തുന്നതുമായ കാര്യങ്ങൾ എക്സിലൂടെ പ്രചരിപ്പിച്ചതിന് മിത്രക്കെതിരെ രണ്ടുകോടി രൂപ നഷ്ടപരിഹാരവും മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു.
ഈ വർഷം മേയിലാണ് വനിതാമാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കുന്ന രീതിയിൽ മിത്ര എക്സ് പോസ്റ്റിട്ടത്. വനിത മാധ്യമ പ്രവർത്തകർ വേശ്യകളാണെന്നും അവരുടെ തൊഴിലിടം വേശ്യാലയമാണെന്നുമായിരുന്നു ഇയാൾ എക്സിൽ കുറിച്ചത്. ഏതു സാഹചര്യത്തിലായാലും സ്ത്രീകൾക്കെതിരായ ഇത്തരത്തിലുള്ള അസഭ്യപരമായ വാചകങ്ങൾ സമൂഹം അനുവദിച്ചിട്ടുണ്ടോയെന്നാണ് ഹരജി പരിഗണിക്കവെ ഹൈകോടതി മിശ്രയോട് ചോദിച്ചത്.
ആ പോസ്റ്റുകൾ നീക്കം ചെയ്താലല്ലാതെ മിശ്രയുടെ വാദം കേൾക്കുകയില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. അഞ്ചുമണിക്കൂറിനുള്ളിൽ പോസ്റ്റുകൾ നീക്കം ചെയ്തിട്ടില്ല എങ്കിൽ മിത്രക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുമെന്നും കോടതി മുന്നറിയിപ്പു നൽകി.
തുടർന്ന് പോസ്റ്റുകൾ നീക്കംചെയ്യാമെന്ന് മിത്രയുടെ അഭിഭാഷകൻ സമ്മതിച്ചു. പോസ്റ്റിൽ ഉപയോഗിച്ച വാക്കുകൾ ശരിയായില്ലെന്നും അഭിഭാഷകൻ സമ്മതിക്കുകയും ചെയ്തു. ഹരജിയിൽ വാദം കേൾക്കുന്നത് കോടതി മേയ് 26ലേക്ക് മാറ്റി. കോടതി ഉത്തരവനുസരിച്ച് മിത്ര എല്ലാ പോസ്റ്റുകളും എക്സിൽ നിന്ന് നീക്കം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

