Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോമനാഥ് ക്ഷേത്രത്തിനു സമീപം മാംസാഹാര വിൽപന വിലക്കിയ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈകോടതി

text_fields
bookmark_border
Somnath temple
cancel

അഹ്മദാബാദ്: സോമനാഥ് ക്ഷേത്രത്തിനു സമീപം മാംസാഹാര വിൽപന വിലക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈകോടതി. ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളിലും സമീപത്തെ ആറ് പ്രത്യേക മേഖലകളിലും മാംസാഹാര വിഭവങ്ങളുടെ വിൽപ്പനക്കും സൂക്ഷിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാറിന്‍റെ വിജ്ഞാപനത്തിനെതിരെ ഹോട്ടലുടമകൾ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകുന്നതിനായി ഏഴ് ദിവസത്തെ സ്റ്റേ അനുവദിക്കണമെന്ന സർക്കാറിന്‍റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. തുടർന്ന് രണ്ട് ദിവസത്തെ സ്റ്റേ കൂടി അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും അതും കോടതി നിരസിച്ചു. ഹരജിക്കാരായ ഹോട്ടലുടമകളുടെ ഉപജീവനമാർഗം അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിജ്ഞാപനം റദ്ദാക്കിയത്. തുടർന്ന് സർക്കാർ അഭിഭാഷകൻ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെ സമീപിക്കുകയും ഡിവിഷൻ ബെഞ്ചിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മാംസാഹാര വിഭവങ്ങളുടെ വിൽപ്പന വിലക്കി കഴിഞ്ഞ ആഗസ്റ്റിലാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 19(1)(g) പ്രകാരം ഏതൊരു തൊഴിലും വ്യാപാരവും ബിസിനസും നടത്താനുള്ള പൗരന്മാരുടെ അവകാശത്തെ സർക്കാർ തീരുമാനം ലംഘിക്കുന്നുവെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അസ്റാർ മൻസൂരി വാദിച്ചു. ന്യായമായ കാരണങ്ങളില്ലാതെ ഒരാളുടെ തൊഴിലിനോ, ഉപജീവനമാർഗത്തിനോ അധികൃതർക്ക് തടസ്സം സൃഷ്ടിക്കാനാകില്ലെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. കോടതി ഈ വാദം അംഗീകരിച്ചാണ് വിലക്ക് നീക്കിയത്.

സോമനാഥ് ക്ഷേത്രത്തിന്റെ 500 മീറ്റർ ചുറ്റളവിലും ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന മറ്റ് ആറ് മേഖലകളിലുമാണ് സംസ്ഥാന സർക്കാർ മാംസാഹാര വിൽപ്പനക്ക് നിരോധനം ഏർപ്പെടുത്തിയത്. തീർഥാടകരുടെ മതവികാരം വ്രണപ്പെടാതിരിക്കുകയാണ് നിരോധനത്തിന്റെ ലക്ഷ്യമെന്നായിരുന്നു സർക്കാറിന്റെ വിശദീകരണം. എന്നാൽ അധികൃതർ തങ്ങളുടെ ഹോട്ടലുകൾ നിർബന്ധിച്ച് അടപ്പിച്ചെന്നും ഉദ്യോഗസ്ഥർ നിരന്തരം ഉപദ്രവിക്കുന്നുവെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു.

ഒക്ടോബർ ഏഴിന് ഹൈകോടതിയിൽ കേസ് ആദ്യമായി പരിഗണിച്ച ദിവസം തന്നെ തഹസിൽദാർ ആറ് ഹോട്ടലുടമകളെയും പൊലീസ് ഔട്ട്‌പോസ്റ്റിലേക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് രേഖയിൽ ഒപ്പിടിച്ചതായും ഹരജിക്കാർ കോടതിയെ അറിയിച്ചു. ഭാവിയിൽ മാംസാഹാര വിഭവങ്ങൾ വിൽക്കില്ലെന്നും വെജിറ്റേറിയൻ ഭക്ഷണസാധനങ്ങൾ മാത്രമേ വിൽക്കുകയുള്ളൂവെന്നും ഉറപ്പുനൽകുന്ന രേഖയിലാണ് ഉടമകളെക്കൊണ്ട് ഒപ്പിടുവിച്ചത്. ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ, കേസ് ആദ്യമായി വാദം കേട്ട അതേ ദിവസം തന്നെ തഹസിൽദാർ ഹോട്ടലുടമകളിൽനിന്ന് ഇത്തരത്തിൽ ഒപ്പു വാങ്ങിയത് എന്തിനാണെന്നും ഹൈകോടതി സർക്കാറിനോട് ചോദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - HC lifts ban on non-vegetarian food sales near Somnath temple
Next Story