Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയ് സർക്കാറിന്...

വിജയ് സർക്കാറിന് തിരിച്ചടി: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകാനാകില്ല; ഉത്തരവ് റദ്ദാക്കി ഹൈകോടതി

text_fields
bookmark_border
വിജയ് സർക്കാറിന് തിരിച്ചടി: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകാനാകില്ല; ഉത്തരവ് റദ്ദാക്കി ഹൈകോടതി
cancel

മധുര: കരൂരിൽ തമിഴക വെട്രി കഴകം (ടി.വി.കെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി ഗവ. ജോലി നൽകാനുള്ള തമിഴ്നാട് സർക്കാറിന്റെ ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി. സർക്കാർ ഉത്തരവ് നിയമത്തിന് മുന്നിലെ സമത്വവും സർക്കാർ ജോലികളിലെ തുല്യഅവസരവും ഉറപ്പാക്കുന്ന ഭരണഘടനയിലെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹൈകോടതിയുടെ മധുര ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം നിയമനങ്ങൾ അനുവദിക്കുന്നത് ഭാവിയിൽ സമാനമായ നിരവധി ആവശ്യങ്ങൾക്ക് വഴിതുറക്കുമെന്നും നിരീക്ഷിച്ചു.

ഈ മാസം ആദ്യം സർക്കാർ ജോലി നൽകാനുള്ള സർക്കാറിന്റെ തീരുമാനത്തിന് ഹൈകോടതി അനുമതി നൽകിയിരുന്നു. എന്നാൽ, നിയമനങ്ങൾ താൽക്കാലികമായിരിക്കുമെന്നും വ്യക്തമാക്കി. സർക്കാറിന്റെ നയപരമായ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി, നിയമനം ലഭിക്കുന്നവരുടെ ആദ്യ ശമ്പളം ലഭിക്കുന്നതിന് മുമ്പായി, ഈ മാസം തന്നെ കേസ് വീണ്ടും പരിഗണിക്കുമെന്നും അതിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അറിയിച്ചിരുന്നു. നിയമനം ലഭിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഓർമിപ്പിക്കുകയും ചെയ്തു. അനുകമ്പ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ നടത്തുമ്പോൾ സർക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പബ്ലിക് സർവിസ് കമീഷൻ മെംബർ സെക്രട്ടറിയോടും നിർദേശിച്ചിരുന്നു.

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള വിജയ് സർക്കാറിന്റെ തീരുമാനം ചോദ്യംചെയ്ത്, മധുരയിലെ അഭിഭാഷകനായ ധീരൻ തിരുമുരുകനാണ് കോടതിയെ സമീപിച്ചത്. ദുരന്തങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്ക് സ്ഥിരം സർക്കാർ ജോലി നൽകുന്നതിന് കൃത്യമായ ഏകീകൃത നയമില്ലെന്നും, ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യ അവസരങ്ങൾക്കുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്നുമാണ് ഹരജിക്കാരന്റെ പ്രധാന വാദം.

യോഗ്യതയുള്ള നിരവധി ഉദ്യോഗാർഥികൾ അവസരത്തിനായി കാത്തിരിക്കുമ്പോൾ, വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ ഇത്തരത്തിൽ നിയമനങ്ങൾ നടത്തുന്നത് അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നിരിക്കെ, ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നത് നിയമപരമായ സങ്കീർണ്ണതകൾക്ക് വഴിവെക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഈ വാദങ്ങളെ എതിർത്തു. തൂത്തുക്കുടി പൊലീസ് വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുമ്പ് സർക്കാർ ജോലി നൽകിയിട്ടുണ്ടെന്ന കീഴ്വഴക്കം സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, തൂത്തുക്കുടി സംഭവം സ്റ്റേറ്റിന്റെ ഭാഗത്തുനിന്നുണ്ടായ പൊലീസ് അതിക്രമമായതുകൊണ്ട് അതിനെ കരൂർ ദുരന്തവുമായി താരതമ്യം ചെയ്യാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

2025 സെപ്റ്റംബറിൽ ടി.വി.കെ. റാലിക്കിടെയുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madras highcourtgovt jobshighcourt verdictKarur StampedeVijay Government
News Summary - HC Cancels Jobs for Karur Victims’ Families
Next Story