'പൊതുഇടങ്ങളിൽ പ്രവേശിക്കാൻ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം'; പുതിയ നിബന്ധനയുമായി രാജസ്ഥാൻ
text_fieldsജയ്പുർ: തിങ്കളാഴ്ച്ച മുതൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ആളുകൾ ഒരുഡോസ് കോവിഡ് വാക്സിനെങ്കിലും എടുത്തിരിക്കണമെന്ന നിബന്ധനയുമായി രാജസ്ഥാൻ സർക്കാർ. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ അശോക് ഗെഹ്ലോട്ട് സർക്കാർ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം, സർക്കാർ ഒാഫീസുകൾക്ക് 100 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കണമെങ്കിൽ കുറഞ്ഞത് 60 ശതമാനം ജീവനക്കാരെങ്കിലും ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
വൈകുന്നേരം ആറ് മണി വരെയാണ് സർക്കാർ ഓഫീസുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ളത്. അതേസമയം ജീവനക്കാർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയ ബിസിനസ്സ് സ്ഥാപനങ്ങൾക്ക് മൂന്ന് മണിക്കൂർ അധിക സമയം അനുവദിച്ചിട്ടുണ്ട്. അവർക്ക് ഏഴ് മണി വരെ തുറന്ന് പ്രവർത്തിക്കാം. വിവാഹ പരിപാടികൾ നടത്തുന്നതിന് ജൂലൈ ഒന്ന് മുതൽ വിവാഹ മണ്ഡപങ്ങൾ തുറക്കാൻ അനുവാദം നൽകിയിട്ടുണ്ട്. അതേസമയം, പള്ളികൾക്കും അമ്പലങ്ങൾക്കും നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാമെന്നും അധികൃതർ അറിയിച്ചു.
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഉദ്യോഗസ്ഥരുടെ എണ്ണം 25 ൽ താഴെയുള്ള എല്ലാ സർക്കാർ ഓഫീസുകളിലും, മുഴുവൻ സ്റ്റാഫുകളെയും അനുവദിക്കും, അതേസമയം ഉദ്യോഗസ്ഥരുടെ എണ്ണം 25 അല്ലെങ്കിൽ 25 ൽ കൂടുതലുള്ള ഓഫീസുകളിൽ 50 ശതമാനം ഉദ്യോഗസ്ഥരെ മാത്രമാണ് അനുവദിക്കുക. കുറഞ്ഞത് 60 ശതമാനം ജീവനക്കാരെങ്കിലും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെങ്കിൽ, ജിമ്മുകളിലും റെസ്റ്റോറൻറുകളിലും, വൈകുന്നേരം നാല് മുതൽ ഏഴ് വരെ മൂന്ന് മണിക്കൂർ അധികമായി തുറക്കാൻ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

