ഇന്ത്യക്കും പാകിസ്താനും ഇടയിൽ കുടുങ്ങി ഹിന്ദു അഭയാർഥികൾ
text_fieldsന്യൂഡൽഹി: മൂന്നു മാസം മുമ്പ് ഡൽഹി യമുന തീരത്തെ പാക് ഹിന്ദു അഭയാർഥി ക്യാമ്പിൽ എത്തിയതാണ് രാധ. ആരോടൊപ്പമാണ് ഇന്ത്യയിലേക്ക് വന്നതെന്ന് ചോദിച്ചപ്പോൾ അബൂയിക്കൊപ്പം എന്ന് പെട്ടെന്ന് മറുപടി. അബൂയിയോ എന്ന് തിരിച്ച് ചോദിച്ചപ്പോൾ പിതാജി എന്ന് ചിരിച്ചുകൊണ്ട് തിരുത്തി. അമ്മി, അബൂയി, ഖാല എന്നിങ്ങനെയാണ് ഇപ്പോഴും വിളിക്കാറുള്ളതെന്നും സംസാരം ഉർദുവിലെന്നും രാധ പറഞ്ഞു. പാകിസ്താനിൽ ജനിച്ചുവളർന്നതുകൊണ്ട് അവിടത്തെ ഭാഷ പഠിച്ചു. ഇപ്പോൾ ഭാരതത്തിൽ വന്നതുകൊണ്ട് ഇനി ഇവിടത്തെ ഭാഷ പഠിക്കും. അവിടെ അലിഫ്- ബേ പഠിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നവർ പറഞ്ഞു.
ഡൽഹിയിലെത്തന്നെ മജ്നു കാ ടിലയിലെ പാക് ഹിന്ദു കുടിയേറ്റ ക്യാമ്പിൽനിന്ന് വ്യത്യസ്തമാണ് യമുന തീരത്ത് നാൾക്കുനാൾ വലുതാകുന്ന പാകിസ്താനിൽനിന്നുള്ള ഹിന്ദു കുടിയേറ്റക്കാരുടെ പുതിയ ചേരി. 2020നു ശേഷം വന്നവരായതിനാൽ ആർക്കും അഭയാർഥി കാർഡും പൗരത്വവും ലഭിച്ചില്ല. പാകിസ്താനിൽനിന്നെത്തിയ സ്വാമി ഋതംബര വാത്സല്യ മന്ദിർ എന്ന പേരിൽ ചെറിയ അമ്പലം പണിത് പൂജാകർമങ്ങൾ നടത്തുന്നുണ്ട്.
ഇത്രയും പണം ചെലവിട്ട് ചേരി പോലുള്ള ബസ്തിയിലെ ടിൻ ഷീറ്റുകൾ കെട്ടിയുണ്ടാക്കി ചാക്കുകൊണ്ടു മറച്ച കൂരയിൽ കഷ്ടപ്പെടുന്നതെന്തിനാണെന്ന് ചോദിച്ചപ്പോൾ അവിടെയും കഷ്ടപ്പാടാണെന്നാണ് പലരുടെയും മറുപടി.
വന്നവരിലേറെയും കൃഷിക്കാരും കർഷക തൊഴിലാളികളുമാണ്. സ്വന്തമായി കൃഷി ചെയ്തും കൃഷിയിടത്തിൽ പണിയെടുത്തും പാകിസ്താനിൽ ജീവിച്ചുവരുകയായിരുന്ന കോലി, ബീൽ, മേഘ്വാഡ് ബാഗ്ഡി തുടങ്ങിയ പിന്നാക്ക ജാതികളിൽനിന്നുള്ളവർ. തങ്ങൾ വന്ന പഞ്ചാബിൽ വെള്ളത്തിന്റെ ദൗർലഭ്യം ആയിരുന്നു വലിയ പ്രശ്നം. നേരത്തേതന്നെ വെള്ളത്തിന് സംഘർഷമുണ്ടാകുന്നുണ്ട്. അതിനിടയിലാണ് ഉള്ള വെള്ളവും ഇല്ലാതാകാൻ പോകുന്നത്. വെള്ളമില്ലെങ്കിൽ പിന്നെ കർഷകരും കർഷക തൊഴിലാളികളും എങ്ങനെ ജീവിക്കുമെന്നാണവർ ചോദിക്കുന്നത്.
അവിടെനിന്ന് ആരെങ്കിലും പോകാൻ പറഞ്ഞ് ഭീഷണിപ്പെടുത്തിയോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി. ഇന്ത്യയിലേക്ക് വരാൻ തുനിഞ്ഞപ്പോൾ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ ഞങ്ങളുടെ രാജ്യത്തേക്ക് പോന്നതല്ലേ എന്നായിരുന്നു മറുപടി. അത് മുസ്ലിംകളുടെ രാജ്യമാണ്. ഇത് ഹിന്ദുക്കളുടെ രാജ്യമാണ്. ആ നിലക്ക് വന്നതാണ്. പോകാൻ ആരും പറഞ്ഞതല്ല. പ്രയാമുണ്ടായിട്ടല്ല. ആത്മാഭിമാനം നോക്കി സ്വന്തം ഇഷ്ടപ്രകാരം പോന്നതാണ്. നാട്ടുകാർ ആരുമറിയാതെ ആരോടും പറയാതെയാണ് പോന്നത്. സ്വത്തുക്കൾ വിൽക്കാതെ, ഉപേക്ഷിച്ചുപോന്നതാണ്- രാധ പറഞ്ഞു.
പാകിസ്താനിൽ രോഗബാധിതരായ മാതാപിതാക്കളെ കാണാൻ പോയി വാഗ അതിർത്തിയിൽനിന്ന് വ്യാഴാഴ്ച തിരിച്ചുവന്ന പാക് ഹിന്ദു കുടുംബമുണ്ട് രാധയുടെ അടുത്ത്. മാതാപിതാക്കളെ കാണാൻ പോയാൽ പിന്നീട് തിരികെ ഇന്ത്യയിലേക്ക് വരാൻ കഴിയില്ലെന്ന് വാഗ അതിർത്തിയിൽനിന്ന് പറഞ്ഞപ്പോൾ മടങ്ങിപ്പോന്നതാണെന്ന് കുഞ്ഞിനെ തോളിലേറ്റിയ ആ ചെറുപ്പക്കാരൻ പറഞ്ഞു. തങ്ങളാരും പാകിസ്താനിലേക്ക് തിരിച്ചുപോക്ക് ആഗ്രഹിക്കുന്നില്ല. എന്നാൽ, ഉറ്റവരെ കാണാൻ ആഗ്രഹമുണ്ട്. ആ നിലക്ക് പോയതായിരുന്നു. വാഗ അതിർത്തി അടച്ചതോടെ പാകിസ്താനിലുള്ളവർക്ക് ഇന്ത്യയിൽ വരാനോ ഇന്ത്യയിലുള്ളവർക്ക് തിരികെ പോകാനോ പറ്റാത്ത നിലയിലായി- അദ്ദേഹം പറഞ്ഞു.
ഒന്നര മാസം മുമ്പ് പാകിസ്താനിലുള്ള സ്വന്തം മാതാപിതാക്കളെ കണ്ട് പോന്നതാണ് കമലിന്റെ ഭാര്യ ലാജോ. അവരും ഇവിടെയായിരുന്നു. എന്നാൽ, ജന്മനാട്ടിലേക്കു തിരിച്ചുപോകണമെന്ന് പറഞ്ഞ് അച്ഛൻ പോയതോടെ അമ്മയും കൂടെ പോയി. അച്ഛൻ ഏതായാലും വരില്ലെന്ന് തീരുമാനിച്ചതോടെ അമ്മ നാലു ദിവസം കഴിഞ്ഞ് ഇങ്ങോട്ട് വരാനിരിക്കുകയായിരുന്നു. ഇനി വരാനാവില്ല. ഇപ്പോൾ ഓരോ കുടുംബത്തിലെയും പകുതി പേർ ഇവിടെയും പകുതി പേർ അവിടെയുമാണ്- ലാജോ പറഞ്ഞു.
നാലു മാസം അച്ഛനും ഭർത്താവിനുമൊപ്പം വന്ന മായയുടെ സഹോദരനും അമ്മാവനുമെല്ലാം പാകിസ്താനിലാണ്. അവരെ ഇനി കൊണ്ടുവരാനാകുമോ എന്ന് ചോദിച്ചപ്പോൾ അച്ഛൻ ഇവിടെയുള്ളിടത്തോളം താനിവിടെ കഴിയുമെന്നാണ് മായ പറഞ്ഞത്.
ചിലരുടെ മാതാപിതാക്കളും മക്കളും സഹോദരീസഹോദരന്മാരുമൊക്കെ ഇതോടെ അവിടെ കുടുങ്ങി. ഇനി അവർക്ക് ഇന്ത്യയിലേക്ക് വരാനാവില്ല- ലാജോ പറഞ്ഞു. പാക് ഹിന്ദു കുടിയേറ്റ കോളനിയിലേക്ക് വന്ന ഭൂരിഭാഗം കുടുംബങ്ങളുടെയും പകുതി ഇവിടെയും പകുതി അവിടെയുമാണ്. പോകാനും വരാനുമുള്ള അനുവാദം തന്നില്ലെങ്കിൽ മാതാപിതാക്കളും മക്കളും തമ്മിലും സഹോദരീസഹോദരന്മാർ തമ്മിലും നേരിൽ കാണാനിനി കഴിയില്ല. മാസങ്ങളായി വലിയതോതിൽ പാകിസ്താനിൽനിന്നുള്ള ഹിന്ദുക്കളുടെ ഒഴുക്കായിരുന്നു യമുനയുടെ ഈ തീരത്തേക്ക്. വാഗാ അതിർത്തി അടച്ചതോടെ അതിനും വിരാമമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

