ഹഥറാസിലെ മാധ്യമവിലക്ക് നീക്കി; രാഷ്ട്രീയക്കാർക്ക് പ്രവേശനമില്ല
text_fieldsലക്നോ: ഹാഥറസിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഇതോടെ മാധ്യമപ്രവർത്തകർക്ക് മാത്രം പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു. കൂട്ടബലാത്സംഗത്തിനിരയായി 20കാരിയായ ദലിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിനെ തുടർന്ന് ദിവസങ്ങളായി ഹാഥറസ് ഗ്രാമത്തിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.
മാധ്യമപ്രവർത്തകർക്ക് മാത്രമാണ് അനുമതി ലഭിച്ചിരിക്കുന്നതെന്നും രാഷ്ട്രീയക്കാർക്ക് ഇവിടേക്ക് പ്രവേശിക്കാൻ അനുവാദമില്ലെന്നും ഹാഥറസ് ജോയിന്‍റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചു. പെൺകുട്ടിയുടെ കുടംബം വീട്ടുതടങ്കലിലാണെന്ന വാർത്ത മജിസ്ട്രേറ്റ് നിഷേധിച്ചു. ആരുടേയും ഫോണുകൾ പിടിച്ചെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പെൺകുട്ടിയുടെ വീട്ടിൽ മഫ്തിയിൽ പൊലീസ് എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പെൺകുട്ടിയുടെ വീട്ടുകാർ മാധ്യമങ്ങളോട് എന്താണ് പറയുന്നതെന്ന് അറിയാനാണ് പൊലീസിനെ നിയോഗിച്ചിരിക്കുന്നത്. വീട്ടുകാരുടെ അനുവാദമില്ലാതെ പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാൻ പൊലീസ് തിടുക്കം കൂട്ടിയെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കുറ്റക്കാരായ നാല് പൊലീസ് ഉദ്യോഗസ്ഥരെ യോഗി സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.
വ്യാഴാഴ്ച പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാനെയും സംഘത്തേയും പെൺകുട്ടിയുടെ വീടിന്‍റെ ഒന്നര കിലോമീറ്റർ അകലെ വെച്ചാണ് പൊലീസ് തടഞ്ഞത്. രാഹുലും പ്രിയങ്കയും കോൺഗ്രസ് നേതാക്കളും ഇന്ന് വീണ്ടും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

