ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കോൺഗ്രസ് നേതാക്കൻമാരായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിക്കും.
പെൺകുട്ടിക്ക് നേരെ നടന്ന ആക്രമണത്തിനെതിെര ഇരുവരും നേരത്തേ രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശ് സർക്കാർ ഭരണത്തിൽ നീതിയില്ലെന്നും അനീതിയുടെ ആധിപത്യമാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ദലിതരെ അടിച്ചമർത്താനും സമൂഹത്തിൽ അവരുടെ സ്ഥാനം കാണിച്ചുകൊടുക്കുന്നതിനുമുള്ള യു.പി സർക്കാറിെൻറ നീക്കം ലജ്ജാകരമാണെന്നും അത്തരം വിദ്വേഷ ചിന്തകൾക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ചൊവ്വാഴ്ചയാണ് ഡൽഹിയിലെ ആശുപത്രിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിക്കുന്നത്. കുട്ടിയുടെ ശരീരത്തിൽ നിരവധി ഒടിവുകളുണ്ടായിരുന്നു. പെൺകുട്ടിയുടെ നാക്ക് മുറിച്ചിരുന്നു. സുഷുമ്ന നാഡിക്ക് പരിക്കേറ്റതിെന തുടർന്ന് പെൺകുട്ടിയുടെ ശരീരം തളർന്നുപോയിരുന്നു. പെൺകുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ ബന്ധുക്കളെ അറിയിക്കാതെ പെൺകുട്ടിയുടെ മൃതദേഹം അർധരാത്രിയിൽ പൊലീസ് സംസ്കരിക്കുകയായിരുന്നു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന ആവശ്യം പരിഗണിക്കാതെ പൊലീസ് ബലമായി സംസ്കരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.