ന്യൂഡൽഹി: ഹഥ്രസിൽ 19കാരിയായ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പെൺകുട്ടിയെ ദയാശൂന്യരായ സർക്കാർ കൊലപ്പെടുത്തിയതാണെന്ന് അവർ പറഞ്ഞു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു പ്രതികരണം.
'പെൺകുട്ടിയെ ദയാശൂന്യരായ സർക്കാർ കൊലപ്പെടുത്തിയതാണ്. കേസ് ഒതുക്കിതീർക്കാനും ശ്രമം നടക്കുന്നു' -സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
'സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമം നടക്കുന്നു. പെൺകുട്ടിക്ക് കൃത്യസമയത്ത് ആവശ്യമായ ചികിത്സ നൽകാൻ സാധിച്ചില്ല. അതിനാൽ തന്നെ പെൺകുട്ടി ഇപ്പോൾ നമുക്കൊപ്പം ഇല്ല. ഹഥ്രസിലെ നിർഭയ മരിച്ചിട്ടില്ലെന്ന് ഞാൻ പറയുന്നു. അവളെ ദയാശൂന്യരായ സർക്കാർ ഭരണസംവിധാനം കൊലപ്പെടുത്തുകയായിരുന്നു' -സോണിയ ഗാന്ധി പറഞ്ഞു.
പെൺകുട്ടിയുടെ മൃതദേഹം പൊലീസ് നിർബന്ധമായി അനാഥയെപ്പോലെ സംസ്കരിക്കുകയായിരുന്നു. മരണശേഷവും അതിലൂടെ അവളെ അപമാനിക്കുകയായിരുന്നു -സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
ഹഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി രണ്ടാഴ്ച ചികിത്സയിൽ കഴിഞ്ഞശേഷം ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് പൊലിസിെൻറ നേതൃത്വത്തിൽ ബന്ധുക്കളെപ്പോലും കാണിക്കാതെ അർധരാത്രിയിൽ മൃതദേഹം സംസ്കരിച്ചു. പൊലീസിെൻറയും യു.പി സർക്കാറിെൻറയും നടപടിയിൽ പ്രതിഷേധം രൂക്ഷമായിരുന്നു.