മേൽജാതിക്കാരുടെ ക്രൂരപീഡനത്തിനിരയായി മരിച്ച ഉത്തർപ്രദേശിലെ പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കത്തിച്ചുകളഞ്ഞ ആ രാത്രി കുടുംബം അനുഭവിച്ച ദുരിതങ്ങൾക്ക് നേർസാക്ഷിയായ മാധ്യമപ്രവർത്തകരുടെ വിവരണങ്ങൾ ആരെയും ഞെട്ടിക്കുന്നത്. നൊന്തുപെറ്റ അമ്മയെ പോലും മൃതദേഹം ഒരു നോക്ക് കാണിക്കാതെ, കൃഷിസ്ഥലത്ത് തിരക്കിട്ടൊരുക്കിയ ചിതയിൽ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു പൊലീസെന്ന് ദൃക്സാക്ഷിയായ എൻ.ഡി.ടി.വി ലേഖകൻ അരുൺ സിങ് എഴുതുന്നു. കുടുംബത്തിെൻറ വികാരങ്ങൾക്ക് ഒരു വിലയും കൽപിക്കാതെ ജില്ലാ മജിസ്ട്രേറ്റും പൊലീസും ചേർന്ന് മൃതദേഹം കത്തിച്ചുകളയുകയായിരുന്നെന്ന് ദൃക്സാക്ഷി വിവരണത്തിൽ വ്യക്തമാണ്.
എൻ.ഡി.ടി.വി കാമറാമാനും ലേഖകനും ചൊവ്വാഴ്ച രാത്രി 11.30 ഒാടെയാണ് ഹാഥറസിലെത്തിയത്. അേപ്പാൾ, പ്രേദശത്തെ പൊലീസ് സ്റ്റേഷനിൽ കമീഷണർ അടക്കമുള്ളവരുടെ കാറുകൾ ഉണ്ടായിരുന്നു. അവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടക്കുകയായിരുന്നു.
വിറകുമായി ചിലർ പോകുന്നത് കണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞതായും ലേഖകൻ എഴുതുന്നു. എങ്കിലും അന്ന് തന്നെ മൃതദേഹം ദഹിപ്പിക്കുവാനുള്ള ഒരു സാധ്യതയും ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നിടത്ത് തന്നെ പൊലീസ് വാർത്താ സംഘത്തെ തടഞ്ഞു. മുന്നോട്ട് പോകണമെങ്കിൽ വാഹനം ഒഴിവാക്കി നടന്ന് പോകണമെന്ന വിചിത്രവാദമാണ് പൊലീസ് ഉന്നയിച്ചത്. പിന്തിരിയാൻ ഒരുക്കമല്ലാതിരുന്ന സംഘം കാൽനടയായി പെൺകുട്ടിയുടെ വീട്ടിലേക്ക് തിരിച്ചു. ഒന്നര കിലോമീറ്ററോളമാണ് നടക്കേണ്ടിയിരുന്നത്.
സംഘം പെൺകുട്ടിയുടെ വീട്ടിലെത്തുേമ്പാൾ രാത്രി 12.45 ആയിരുന്നു. നിറയെ പൊലീസുകാരും ഉദ്യോഗസ്ഥരും പ്രാദേശിക മാധ്യമ പ്രവർത്തകരും അവിടെയുണ്ടായിരുന്നു. മൃതദേഹം എവിടെയാണെന്ന് ജോയൻറ് മജിസ്ട്രേറ്റിനോട് അന്വേഷിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. എന്നാൽ, രണ്ട് മിനിറ്റിനകം മൃതദേഹം വഹിച്ചുള്ള ആംബുലൻസ് അവിടെ എത്തുകയും ചെയ്തു. പിറകിലായി എത്തിയ സ്കോർപിയോ വാനിൽ പെൺകുട്ടിയുടെ പിതാവും സഹോദരനുമുണ്ടായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആംബുലൻസ് വീണ്ടും മുന്നോട്ടെടുത്തു. അവിടെ നിർത്താതെ പോകുന്നത് നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മൃതദേഹം വീട്ടിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു കുടുംബത്തിെൻറ ആവശ്യം. പെൺകുട്ടിയുടെ അമ്മ ആംബുലൻസിന് മുന്നിൽ നിലത്ത് കിടന്ന് കരഞ്ഞ് പറയുന്നുണ്ടായിരുന്നു. നിലവിളിച്ചു കൊണ്ട് കുടുംബാംഗങ്ങൾ ആംബുലൻസിന് പിറകെ ഒാടി.
ഇതിനിടെ െപാലീസ് ഉദ്യോഗസ്ഥരും ജില്ലാ മജിസ്ട്രേറ്റുമൊക്കെ ഹെൽമറ്റടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കുന്നുണ്ടായിരുന്നു. രാവിലെ മൃതദേഹം ദഹിപ്പിക്കാമെന്നും അതിെൻറ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കാമെന്നും ഇതിനിടെ പെൺകുട്ടിയുടെ പിതാവ് ജില്ലാ മജിസ്ട്രേറ്റിനോട് അപേക്ഷിച്ചു. രാവിലെ ദഹിപ്പിക്കാമെങ്കിൽ പിന്നെ ഇപ്പോൾ തന്നെ ദഹിപ്പിച്ചാലെന്താണെന്നായിരുന്നു ജില്ലാ മജിസ്ട്രേറ്റിെൻറ ചോദ്യം. ഇന്ന് തന്നെ ദഹിപ്പിക്കണമെന്ന് നേരത്തെ പറഞ്ഞതല്ലേയെന്നും ജില്ലാ മജിസ്ട്രേറ്റ് പിതാവിനോട് പറയുന്നുണ്ടായിരുന്നു.
ഈ സമയമത്രയും ദൂരെ നിർത്തിയിട്ട ആംബുലൻസിൽ ആയിരുന്നു മൃതദേഹം. ഒടുവിൽ മൃതദേഹം പുറത്തെടുക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും, ഒന്നുമുണ്ടായില്ല. ഇതിനിടെ പെൺകുട്ടിയുടെ പിതാവടക്കമുള്ളവരെ വീട്ടിനകത്തേക്ക് മാറ്റി. ജില്ലാ മജിസ്ട്രേറ്റിെൻറ നേതൃത്വത്തിൽ ഉടനെ മൃതദേഹം ദഹിപ്പിക്കുന്നതിന് കുടുംബാംഗങ്ങളിൽ സമ്മർദം ചെലുത്തുന്നത് തുടർന്നു കൊണ്ടിരുന്നു. സംസ്കാര ചടങ്ങുകൾക്ക് രാവിലെ വരെ സമയം നൽകണമെന്നതായിരുന്നു പിതാവിെൻറ ആവശ്യം.
മാധ്യമപ്രവർത്തകരെ ആംബുലൻസ് പരിസരത്ത് നിന്ന് മാറ്റാൻ പൊലീസ് പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ആംബുലൻസ് പെട്ടെന്ന് സ്റ്റാർട്ട് ചെയ്ത് കൃഷി സ്ഥലത്തേക്ക് ഒാടിച്ചു പോയി. പിറകെ ഒാടിയെത്തിയവർ കണ്ടത് അവിടെ മൃതദേഹം ദഹിപ്പിക്കാനായി വെളിച്ചവും മറ്റും ഒരുക്കി വെച്ചതാണ്. ചുറ്റും പൊലീസ് വലയം തീർത്തിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളാരും അവിടെ ഉണ്ടായിരുന്നില്ല. ആ മൃതദേഹം പൊലീസ് കത്തിച്ചു കളയുകയായിരുന്നു.
ഈ സമയം വീട്ടിൽ തടഞ്ഞിട്ട നിലയിലായിരുന്നു പെൺകുട്ടിയുടെ പിതാവും മാതാവുമടക്കമുള്ള കുടുംബാംഗങ്ങൾ. അവരുടെ പൊന്നുമോളുടെ ശരീരം പോലും ഈ ഭൂമിയിൽ ശേഷിക്കാത്ത വിധം കത്തിച്ചാമ്പലാക്കിയ വിവരം വാർത്താ ലേഖകൻ ഒാടിച്ചെന്ന് പറയുേമ്പാഴാണ് ആ കുടുംബം അറിയുന്നത്.