ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബോയ്സ് ഹോസ്റ്റലിന്റെ മതിലിൽ വിദ്വേഷ ചുവരെഴുത്ത്; നിയമനടപടിയുണ്ടാകുമെന്ന് അധികൃതർ
text_fieldsകൊൽക്കത്ത: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ.എസ്.ഐ) ബോയ്സ് ഹോസ്റ്റലിന്റെ മതിലിൽ ഒരു പ്രത്യേക വിഭാഗത്തിനെതിരായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിൽ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്ന് ഇൻസ്റ്റിറ്റ്യുട്ട് മുന്നറിയിപ്പു നൽകി.
സംഭവത്തെ കടുത്ത ഭാഷയിൽ ഐ.എസ്.ഐ അപലപിച്ചു. ഒരു മതവിഭാഗത്തിൽപെട്ടവരെ മാനസികമായി തകർക്കുന്നതരത്തിലും സ്ഥാപനത്തിന്റെ മതേര നിലപാടിന് കളങ്കം വരുത്തുന്ന തരത്തിലുളള ചുവരെഴുത്ത് നടത്തിയതിന് ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഡെൽഹിയിൽ അഞ്ചുദിവസം മുമ്പ് നടന്ന സ്ഫോടനത്തെത്തുടർന്നാണ് വിദ്വേഷ പോസ്റ്ററുകൾ സ്ഥാപനത്തിന്റെ ഹോസ്റ്റലിനുള്ളിൽ പലയിടത്തായി പ്രത്യക്ഷപ്പെട്ടത്.
എല്ലാവരെയും ഉൾക്കൊള്ളുക, പരസ്പര ബഹുമാനം വിവിധ വിഭാഗങ്ങൾക്കിടയിൽ വളർത്തുക, പരസ്പരം ബഹുമാനിക്കുക, മതസൗഹാർദ്ദം നിലനിർത്തുക തുടങ്ങിയ ധാർമിക മൂല്യങ്ങളിൽ അധിഷ്ടിതമായാണ് ഈ സ്ഥാപനം ആരംഭിച്ചിട്ടുള്ളതെന്നും ഒരു മതത്തിന്റെ പേരിൽ ആളുകളെ വിദ്വേഷത്തോടെ കാണുന്ന രീതിയിലുള ഭാഷകൾ ഉപയോഗിക്കുക തുടങ്ങിയവ സ്ഥാപനത്തിന്റെ അടിസ്ഥാന തത്വങ്ങളെ അവഹേളിക്കലാണെന്നും ഐ.എസ്.ഐ പറയുന്നു.
ഇത്തരം പ്രവർത്തികൾ സ്ഥാപനത്തിന്റെ മതസൗഹാർദത്തിലധിഷ്ടിതമായ പഠനാനന്തരീക്ഷത്തെ മലീമസമാക്കുന്നതാണെന്നും ഇതിന് തക്കതായ നടപടി കെക്കൊള്ളുമെന്നും ഐ.എസ്.ഐ ഡീൻ ബി. പ്രധാൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.എന്നാൽ സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
1931ൽ ശാസ്ത്രജ്ഞനായ പി.സി മഹലനോബിസ് സ്ഥാപിച്ച ഈ സ്ഥാപനം 1959 ൽ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി വളർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

