ന്യൂഡൽഹി: കവിയും ശാസ്ത്രജ്ഞനും ചലച്ചിത്രകാരനുമായ ഗൗഹർ റാസക്കെതിരായ വിവാദപരാമർശത്തിൽ ഹിന്ദി വാർത്താചാനലായ സീ ന്യൂസ് ക്ഷമാപണം നടത്തണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേഡ്സ് അതോറിറ്റി (എൻ.ബി.എസ്.എ). ഫെബ്രുവരി 16ന് രാത്രി ഒമ്പതിന് ചാനലിലൂടെ ക്ഷമാപണം നടത്തണമെന്നാണ് നിർദേശം. ക്ഷമാപണം ഹിന്ദിയിൽ വലിയ അക്ഷരങ്ങളിൽ എഴുതിക്കാണിക്കുകയും വായിക്കുകയും വേണം.
ഒരാഴ്ചക്കകം ഒരു ലക്ഷം രൂപ കെട്ടിവെക്കണം. നേരേത്ത വിധിയുണ്ടായതാണെങ്കിലും ചാനൽ അപ്പീൽ നൽകുകയായിരുന്നുവെന്ന് അഭിഭാഷക വൃന്ദ ഗ്രോവർ േഫസ്ബുക്കിലൂടെ അറിയിച്ചു. അപ്പീൽ തള്ളിയ എൻ.ബി.എസ്.എ, ചാനൽ ക്ഷമാപണം നടത്തണമെന്ന വിധി ആവർത്തിക്കുകയായിരുന്നു.
ഗൗഹർ റാസയെ ‘അഫ്സൽ പ്രേമി ഗാങ്’ അംഗം എന്നാണ് സീ ന്യൂസ് വിശേഷിപ്പിച്ചത്. 2016 മാർച്ച് അഞ്ചിന് ഗൗഹർ റാസ ന്യൂഡൽഹിയിൽ ‘ശങ്കർ-ശാദ് മുഷാഹിറ’ എന്ന ചടങ്ങിൽ ആലപിച്ച കവിത ‘അഫ്സൽ പ്രേമി ഗ്യാങ് കാ മുഷാഹിറ’ എന്ന പരിപാടിയിൽ ഉപയോഗിക്കുകയായിരുന്നു. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ 2016 ഫെബ്രുവരിയിൽ നടന്ന പ്രതിഷേധപരിപാടികളുടെ ദൃശ്യങ്ങൾക്കൊപ്പമാണ് കവിത കാണിച്ചത്.
2010 ൽ ഇറാഖിൽ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിനെക്കുറിച്ചും നാടകപ്രവർത്തകൻ സഫ്ദർ ഹശ്മിയെക്കുറിച്ചുമുള്ളതായിരുന്നു ‘ശങ്കർ-ശാദ് മുഷാഹിറ’ എന്ന പ്രതിവർഷ കവിയരങ്ങിൽ ഗൗഹർ റാസ ആലപിച്ച കവിതകൾ. തുടർന്ന് തന്നെ ദേശവിരുദ്ധനായും അഫ്സൽ ഗുരുവിെന പിന്തുണക്കുന്നയാളായും ചിത്രീകരിെച്ചന്ന് അദ്ദേഹം എൻ.ബി.എസ്.എക്ക് പരാതി നൽകുകയായിരുന്നു. എന്നാൽ, ആവിഷ്കാരസ്വാതന്ത്ര്യത്തിന് രാജ്യത്ത് വിലക്കുകളില്ലെന്ന് കാണിക്കാനുദ്ദേശിച്ചായിരുന്നു പരിപാടിയെന്നായിരുന്നു സീ ന്യൂസിെൻറ വിശദീകരണം.