മുസ്ലിംകൾക്കെതിരെ കലാപാഹ്വാനം: ഹിന്ദുത്വ നേതാക്കളുടെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: മുസ്ലിംകൾക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഹിന്ദുത്വ നേതാക്കളായ യതി നരസിംഹാനന്ദ, ജിതേന്ദ്ര ത്യാഗി എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജി സുപ്രീംകോടതി പരിഗണിക്കാതെ തള്ളി. ഹരജിയിൽ വകുപ്പ് 32 പ്രകാരം അറസ്റ്റ് ആവശ്യപ്പെടാനാവില്ലെന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. ഹരജിയിലെ അറസ്റ്റ് ആവശ്യം പിൻവലിക്കാമെന്നും മറ്റ് ആവശ്യങ്ങൾ പരിഗണിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ജിതേന്ദ്ര ത്യാഗിയുടെ 'മുഹമ്മദ്' എന്ന പുസ്തകം നിരോധിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഉത്തർപ്രദേശ് ശിയ വഖഫ് ബോർഡ് മുൻ ചെയർമാനായിരുന്ന വസീം റിസ്വി കഴിഞ്ഞ ഡിസംബറിലാണ് മതം മാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിച്ചത്. ഹരിദ്വാറിൽ നടന്ന ധർമസൻസദിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ ത്യാഗിയുടെ ഇടക്കാല ജാമ്യം കോടതി കഴിഞ്ഞ ദിവസം നീട്ടിനൽകിയിരുന്നില്ല.