'തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുടെ ഏജന്‍റായി മാറിയോ?' അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കമീഷനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് അട്ടിമറി സംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ തന്‍റെ അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തെരഞ്ഞെടുപ്പ് കമീഷനെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
കേന്ദ്രസർക്കാറും തെരഞ്ഞെടുപ്പ് കമീഷനും ചേർന്ന് വോട്ട് മോഷണം നടത്തിയെന്ന ആരോപണവും വോട്ടർപട്ടികയിലെ അട്ടിമറിയും പുറത്തുവിട്ടതിനും പിന്നാലെയാണ് തന്‍റെ അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് രാഹുൽ ഗാന്ധി എക്സിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഭരണകക്ഷിയായ ബി.ജെ.പിയുമായി ചേർന്ന് "വോട്ട് മോഷണം" നടത്തിയെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു.
തന്‍റെ അഞ്ച് ചോദ്യങ്ങളുടെ ഉത്തരം രാജ്യം ആവശ്യപ്പെടുന്നുവെന്നാണ് രാഹുൽ എക്സിൽ കുറിച്ചത്.
'1. പ്രതിപക്ഷത്തിന് ഡിജിറ്റൽ വോട്ടർ പട്ടിക ലഭിക്കാത്തത് എന്തുകൊണ്ട്? നിങ്ങൾ എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നത്?
2. സി.സി.ടി.വി, വിഡിയോ തെളിവുകൾ എന്തുകൊണ്ട് മായ്ക്കപ്പെടുന്നു? തെളിവുകൾ മായ്ക്കാൻ ആരാണ് ഉത്തരവ് നൽകിയത്?
3. വ്യാജ വോട്ടിങ്ങും വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കലും നടത്തുന്നത് എന്തുകൊണ്ടാണ്?
4. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയും വിരട്ടുകയും ചെയ്യുന്നത് എന്തുകൊണ്ട്?
5. തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ ബി.ജെ.പി.യുടെ ഏജന്റായി മാറിയിട്ടുണ്ടോ എന്ന് വ്യക്തമായി പറയൂ.
എന്നാണ് രാഹുൽ ഗാന്ധി എക്‌സിൽ എഴുതിയത്.
ബംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ റാലി’യിലും വോട്ട് തട്ടിപ്പ് ആരോപണങ്ങൾ ലോക്സഭ പ്രതിപക്ഷ നേതാവ് ആവർത്തിച്ചിരുന്നു. വ്യാഴാഴ്ച വാർത്താ സമ്മേളനം നടക്കുന്നതിനിടെ തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച ഭീഷണി നോട്ടീസിനും രാഹുൽ ശക്തമായ ഭാഷയിൽ മറുപടി നൽകി. പാർലമെന്റിനുള്ളിലും ഭരണഘടനയിലും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷനോടായി രാഹുൽ തിരിച്ചടിച്ചു.
വോട്ടർപട്ടികയിലെ അട്ടിമറി പുറത്തുവിട്ടതിനു പിന്നാലെ മൂന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകളാണ് രാഹുലിനോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കാൻ ആവശ്യപ്പെട്ടുള്ള കർണാടക മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ നോട്ടീസ് വ്യാഴാഴ്ചത്തെ വാർത്താ സമ്മേളനത്തിനിടെയാണ് പുറപ്പെടുവിച്ചത്. ഈ മുന്നറിയിപ്പുകൾക്കെല്ലാം ബംഗളൂരുവിൽ വെച്ച് രാഹുൽ മറുപടി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

