ഹരിയാനയിലെ ബ്രസീലിയൻ മോഡൽ; വോട്ടർ പട്ടികയിലെ ഗുനിയ ദേവി 2022ൽ മരിച്ചയാൾ...!; വാർത്തകണ്ട് ഞെട്ടി കുടുംബം
text_fieldsഗുനിയ ദേവി (ഇടത്), വോട്ടർപട്ടികയിൽ ഗുനിയ ദേവിയുടെ വിവരങ്ങൾക്കൊപ്പം ബ്രസീലിയൻ മോഡലിന്റെ ചിത്രം
ന്യൂഡൽഹി: രാഹുൽ ഗാന്ധി പുറത്തുവിട്ട ഹരിയാനയിലെ വോട്ടുകൊള്ളക്കു പിന്നാലെ വോട്ട് തടിപ്പിന്റെ കൂടുതൽ കഥകൾ പുറത്തുകൊണ്ടുവന്ന് ദേശീയ മാധ്യമങ്ങൾ.
ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ രാഹുൽ വെളിപ്പെടുത്തിയ ബ്രസീലിയൻ മോഡലിന്റെ ചിത്രം പതിച്ച വോട്ടർപട്ടികയിലെ ഒരു വോട്ടർ മൂന്നു വർഷം മുമ്പേ മരിച്ചു പോയ ഗുനിയ ദേവിയാണെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. ഇവരുടെ പേര് വോട്ടർപട്ടികയിലുണ്ടെന്നും, ബ്രസീലിയൻ മോഡലിന്റെ ചിത്രം കണ്ടും ഞെട്ടിയിരിക്കുകയാണ് കുടുംബാംഗങ്ങൾ.
ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 10 ബൂത്തുകളിലായി 22 വോട്ടുകൾ രേഖപ്പെടുത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വോട്ടർപട്ടികയുടെയും വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്ത വെളിപ്പെടുത്തലിനു പിന്നാലെയാണ് പട്ടികയിലെ വോട്ടർമാരെ തേടി ദേശീയ മാധ്യമങ്ങൾ ഹരിയാനയിലെ വോട്ടർമാർക്കരികിലെത്തിയത്. വാർത്താ സമ്മേളനത്തിൽ രാഹുൽ പ്രദർശിപ്പിച്ച ബ്രസീലിയൻ മോഡലിന്റെ ചിത്രത്തിലെ ഒരു പേരുകാരിയായിരുന്നു ഗുനിയ ദേവി.
എന്നാൽ, ഇവരെ അന്വേഷിച്ചെത്തിയപ്പോഴാണ് കഴിഞ്ഞ വർഷം നടന്ന വോട്ടെടുപ്പിനും രണ്ടു വർഷം മുമ്പേ ഗുനിയ ദേവി മരിച്ച വാർത്ത പുറംലോകമറിയുന്നത്. 2022 മാർച്ചിൽ ഇവർ മരണപ്പെട്ടതായി കുടുംബം പ്രതികരിച്ചു. വോട്ടർപട്ടികയിൽ ഗുനിയ ദേവിയുടെ പേര് നിലനിൽക്കുന്നത് അറിയില്ലെന്നും, അവരുടെ പേരിൽ വോട്ട് ചെയ്ത കാര്യം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു.
ഗുനിയ ദേവിയുടെ മരണ സർട്ടിഫിക്കറ്റും ബന്ധുക്കൾ ഹാജരാക്കി.
ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രീകൃത വോട്ടുകൊള്ള നടന്നുവെന്നായിരുന്നു രേഖകളും തെളിവുകളും നിരത്തി രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിയുടെ വിജയം പ്രവചിച്ച തെരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ടുകളിലൂടെ ഫലം അട്ടിമറിച്ച് സർക്കാർ വോട്ടുകൊള്ളയാണ് നടന്നതെന്നായിരുന്നു രാഹുലിന്റെ ആരോപണം. 25 ലക്ഷം വ്യാജ വോട്ടുകൾ രേഖപ്പെടുത്തിയതായും, ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നേതൃത്വത്തിൽ കേന്ദ്രീകൃത അട്ടിമറി നടന്നുവെന്നും രാഹുൽ ആരോപിച്ചു.
ബ്രസീലിയൻ മോഡലായ ലാറിസയുടെ ചിത്രമായിരുന്നു 22 വോട്ടർമാരുടെ പേരിനു നേരെ ഉപയോഗിച്ചത്. ചിത്രസഹിതമുള്ള രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലെ വീഡിയോയിലൂടെ ബ്രസീലിയൻ മോഡൽ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.
വിശ്വസിക്കാനാവുന്നില്ലെന്നും എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെന്നും വീഡിയോയിൽ അവർ പറഞ്ഞു. ‘ഇതെന്ത് ഭ്രാന്താണ്. ഏത് ലോകത്താണ് നമ്മൾ ജീവിക്കുന്നത്. തട്ടിപ്പിനെ കുറിച്ച് വിശ്വസിക്കാനാവുന്നില്ല. എന്റെ പഴയ ഫോട്ടോയാണ് ഉപയോഗിച്ച്. ഇത് അവിശ്വസനീയമാണ്’ -ലാരിസ പ്രതികരിച്ചു.
സരസ്വതി, ഗീത, സീമ, സുമൻ ദേവി, ബിമല, അഞ്ജു, കവിത,കിരൺ ദേവി, വിമല, രശ്മി, പിങ്കി, മഞ്ജീത്,കൽവന്തി, പൂനം,സ്വീറ്റി,സുനിത, അംഗൂരി, ദർശന, മുനേഷ്, സരോജ്, സത്യവതിദേവി, ഗുനിയ തുടങ്ങിയ പേരുകളിലാണ് ബ്രസീലിയന്‍ മോഡലിന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടു ചെയ്തതെന്നായിരുന്നു രാഹുലിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

