‘കോക്രോച്ച് ജനതാ പാർട്ടി’ രജിസ്റ്റർ ചെയ്യാൻ ഹരിയാന സ്വദേശി തെരഞ്ഞെടുപ്പ് കമീഷന് മുമ്പിൽ
text_fieldsന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിന് പിന്നാലെ, സാമൂഹിക മാധ്യമങ്ങളിൽ രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി)യെ രജിസ്റ്റർ ചെയ്യാൻ ഹരിയാന സ്വദേശിയായ അഭിഭാഷകൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നൽകി. ഇതിനകം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ആക്ഷേപഹാസ്യ പ്ലാറ്റ്ഫോം കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയ പാർട്ടിയായി മാറുകയാണ്.
രാജ്യത്തെ കോടിക്കണക്കിന് യുവജനതയുടെ രോഷം ഒരു കുടക്കീഴിലെത്തിക്കാന്‍ കഴിഞ്ഞത് മഹാരാഷ്ട്രക്കാരനായ അഭിജിത് ദീപ്കെയുടെ ഇടപെടൽ കൊണ്ട് മാത്രമാണ്. ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം വന്നതിന്‍റെ പിറ്റേന്ന് അഭിജിത് കോക്രോച്ച് ജനതാപാര്‍ട്ടി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജും വെബ്സൈറ്റും ആരംഭിച്ചു. വോയിസ് ഓഫ് ദ് ലേസി ആന്‍ഡ് അണ്‍എംപ്ലോയ്ഡ് എന്ന ടാഗ് ലൈനോടെ രൂപം കൊണ്ട സി.ജെ.പി അങ്ങനെ വെറുതേ വന്ന് ഹൈപ്പുണ്ടാക്കി സോഷ്യല്‍ മീഡിയ തൂക്കുകയല്ല. അവര്‍ക്ക് പറയാന്‍ കൃത്യമായ അജന്‍ഡകളുണ്ട്, മാനിഫെസ്റ്റോയും.
ഒന്നാമത്തെ അജന്‍ഡ തന്നെ ചീഫ് ജസ്റ്റിസിനിട്ടുള്ള കൊട്ടാണ്. സി.ജെ.പി അധികാരത്തിലെത്തിയാല്‍ ഒരു ചീഫ് ജസ്റ്റിസിനും വിരമിക്കല്‍ ആനുകൂല്യമായി രാജ്യസഭാസീറ്റ് നല്‍കില്ല. 2. അര്‍ഹരായ ഒരാളെയെങ്കിലും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയാല്‍ മുഖ്യതിരഞ്ഞെടുപ്പുകമ്മിഷണറെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യും. പൗരന്‍റെ വോട്ടവകാശം നിഷേധിക്കുന്നത് ഭീകരപ്രവര്‍ത്തനത്തിന് തുല്യമായ കുറ്റമാണ്. 3. പാര്‍ലമെന്‍റിലും നിയമസഭകളിലും സ്ത്രീപ്രാതിനിധ്യം 50 ശതമാനമാക്കും. പാര്‍ലമെന്‍റിന്‍റെ നിലവിലുള്ള അംഗസംഖ്യ വര്‍ധിപ്പിക്കാതെ ഇത് നടപ്പാക്കും. മന്ത്രിസഭയിലും 50 ശതമാനം വനിതാസംവരണം നടപ്പാക്കും. 4. അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള എല്ലാ മാധ്യമസ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദാക്കും. ഗോദി മീഡിയ ആങ്കര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം നടത്തും.
5. എംപിയോ എം.എല്‍.എയോ കൂറുമാറിയാല്‍ 20 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ അധികാരപദവികള്‍ വഹിക്കാനോ അനുവദിക്കില്ല. ഇതാണ് അജന്‍ഡ. ഇനി പാര്‍ട്ടിയില്‍ ചേരാനുള്ള യോഗ്യതകളായി പറയുന്നത്. തൊഴില്‍ രഹിതരാണോ മടിയുള്ളവരാണോ എപ്പോഴും ഓണ്‍ലൈനില്‍ ഉള്ളവരാണോ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളില്‍ ഷാര്‍പ്പ് ആയി, സത്യസന്ധമായി, പ്രഫഷണലായി സംസാരിക്കാന്‍ കഴിവുണ്ടോ? ഇതില്‍ ഏത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പാര്‍ട്ടിയില്‍ ചേരാം. വൈഫൈ വര്‍ക്ക് ചെയ്യുന്ന ഇടം എവിടെയോ അതാണ് പാര്‍ട്ടി ആസ്ഥാനം. സി.ജെ.പിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് കോടിക്കണക്കിന് ആളുകള്‍ ഏറ്റെടുക്കുന്നതും ഷെയര്‍ ചെയ്യുന്നതും.
ഇതിനിടെ, ഭൂരിഭാഗം ഫോളോവേഴ്‌സും പാകിസ്താനികളാണെന്ന ബി.ജെ.പി ആരോപണം കണക്കുകൾ നിരത്തി തള്ളിയിരിക്കുകയാണ് സി.ജെ.പി സ്ഥാപകൻ അഭിജീത്ത് ദിപ്കെ. പേജിന്റെ അനലിറ്റിക്‌സ് കാണിക്കുന്ന ഒരു സ്‌ക്രീൻ റെക്കോർഡിങ് അഭിജീത്ത് എക്‌സിലെ പോസ്റ്റിൽ പങ്കുവെച്ചു. വീഡിയോയിൽ കാണിച്ചിരിക്കുന്ന ഡാറ്റ അനുസരിച്ച്, പേജിന്റെ പ്രേക്ഷകരിൽ 94.7 ശതമാനവും ഇന്ത്യയിലാണ്. അഭിജീത്ത് പങ്കിട്ട വീഡിയോയിൽ കാണിച്ചിരിക്കുന്ന മികച്ച പ്രേക്ഷക സ്ഥലങ്ങളിൽ പാകിസ്താനോ ബംഗ്ലാദേശോ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

