ഹരിയാന, ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് ഫലം 10 മണിയോടെ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. 10 മണിയോടെ സംസ്ഥാനങ്ങൾ ആർക്കൊപ്പമാണെന്ന ചിത്രം ലഭ്യമാകും. ഹരിയാനയിൽ കോൺഗ്രസും ജമ്മു-കശ്മീരിൽ തൂക്കുസഭയുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.
ഹരിയാനയിൽ ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 61 ശതമാനവും ജമ്മു-കശ്മീരിൽ സെപ്റ്റംബർ 18, 28, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ഹരിയാന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ ഹൂഡ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ദേശീയ നേതൃത്വവുമായി ചർച്ച നടത്തുകയുണ്ടായി. ജമ്മു-കശ്മീരിൽ സർക്കാർ രൂപവത്കരണത്തിനുമുമ്പ് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ലഫ്റ്റനൻറ് ഗവർണറുടെ നീക്കത്തിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
90 സീറ്റുള്ള ഹരിയാനയിൽ ബി.ജെ.പി ശക്തികേന്ദ്രങ്ങളായ നഗരമണ്ഡലങ്ങളിൽ പോളിങ് കുത്തനെ താഴ്ന്നതും ബി.ജെ.പി വിരുദ്ധ മണ്ഡലങ്ങളിൽ ശക്തമായ പോളിങ് നടന്നതും 65 വരെ സീറ്റെന്ന നേട്ടത്തിലേക്ക് കോൺഗ്രസിനെ എത്തിച്ചേക്കാമെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ.
ജമ്മു- കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിനാണ് മുൻതൂക്കം പ്രവചിക്കപ്പെടുന്നത്. എക്സിറ്റ്പോൾ ഫലങ്ങൾക്ക് അപ്പുറമായിരിക്കും വിജയമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല അവകാശപ്പെട്ടിരുന്നു. 370ാം വകുപ്പ് റദ്ദാക്കിയശേഷമുള്ള കശ്മീരിലെ ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഏറെ പ്രാധാന്യമുള്ളതാണ് ഫലം. ജമ്മു-കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട ലഫ്റ്റനന്റ് ഗവർണർക്ക് അഞ്ച് എം.എൽ.എമാരെ നാമനിർദേശം ചെയ്യാം.

