ആത്മഹത്യ ചെയ്ത ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപണമുന്നയിച്ച് എ.എസ്.ഐ ജീവനൊടുക്കി
text_fieldsസന്ദീപ് കുമാർ, പുരൺ കുമാർ
ന്യൂഡൽഹി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പീഡനം ആരോപിച്ച് ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥനായ എ.ഡി.ജി.പി വൈ. പുരൺ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിരോധത്തിലായ ഹരിയാന സർക്കാൻ സംസ്ഥാന പൊലീസ് മേധാവിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധം കനത്തതോടെയാണ് ഡി.ജി.പി ശത്രുജിത് കപൂറിനെതിരെ സർക്കാർ നടപടി. റോഹ്തക് എസ്.പി നരേന്ദ്ര ബിജാർനിയയെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു.
പ്രതിഷേധം കത്തിനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹരിയാന സന്ദർശനം റദ്ദാക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഹരിയാന സർക്കാറിന്റെ മൂന്നാം വാർഷിക ദിനമായ ഒക്ടോബര് 17ന് സോനിപത്തിൽ നടത്താനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. പരിപാടി റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും മരണത്തെ തുടർന്നുള്ള പ്രതിഷേധമാണ് കാരണമെന്ന റിപ്പോർട്ടുകളുണ്ട്.
അതിനിടെ, ആത്മഹത്യ ചെയ്ത ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥൻ പുരൺ കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് റോഹ്തക് സൈബർ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്ദീപ് കുമാർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. പുരൺ കുമാറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘത്തിലെ അംഗമാണ് സന്ദീപ് കുമാർ. പുരൺ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണെന്നും അഴിമതിക്കേസുകൾ പുറത്തുവരുമെന്ന് ഭയന്നാണ് ജീവനൊടുക്കിയതെന്നും ആത്മഹത്യക്ക് മുമ്പ് പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ സന്ദീപ് ആരോപിച്ചു.
അഴിമതി പുറത്തുവന്നതിനെ തുടർന്നാണ് പുരണിനെ സ്ഥലം മാറ്റിയത്. അദ്ദേഹത്തിന്റെ ഗൺമാൻ മദ്യ കരാറുകാരനിൽനിന്ന് രണ്ടര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് താൻ പിടികൂടിയിരുന്നു. പരാതി ഭയന്നാണ് ആത്മഹത്യ. ഇതൊരു ജാതി പ്രശ്നമല്ല. സത്യം പുറത്തുവരണം. അതിനുവേണ്ടി താൻ ജീവൻ ബലിയർപ്പിക്കുയാണെന്നും സ്ഥലംമാറ്റിയ റോഹ്തക് എസ്.പി നരേന്ദ്ര ബിജാർനിയ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും സന്ദീപിന്റെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
എ.ഡി.ജി.പി വൈ. പുരൺ കുമാറിന്റെ വീട് സന്ദർശിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. വിഷയം ഒരു കുടുംബത്തിന്റെ മാത്രം പ്രശ്നമല്ലെന്നും രാജ്യത്തുടനീളമുള്ള ദലിതരുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും രാഹുൽ പറഞ്ഞു. പിതാവിന്റെ സംസ്കാരം മാന്യമായി നടത്താൻ സർക്കർ മക്കളെ അനുവദിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ചണ്ഡിഗഢിലെ സെക്ടർ 11ലെ വസതിയിൽ വെച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുരൺ കുമാർ സർവജസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത്. ഡി.ജി.പി ശത്രുജിത് കപൂർ ഉൾപ്പെടെ സർവിസിലുള്ളവരും വിരമിച്ചവരുമായ 10 ഓളം മുതിർന്ന ഉദ്യോഗസ്ഥരുടെ പേരുകൾ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിരുന്നു.
എഫ്.ഐ.ആറിൽ പേരുള്ള മുതിർന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്ന കുടുംബം പോസ്റ്റ്മോർട്ടത്തിനു സമ്മതം നൽകാനും ബി.ജെ.പി മന്ത്രിമാരെ കാണാനും വിസമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

