ഭാര്യയുമായി വേർപിരിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഭർത്താവും മകളും വെടിയേറ്റ് മരിച്ചു
text_fieldsചണ്ഡീഖഢ്: കർഷകനേയും പ്രായപൂർത്തിയാകാത്ത മകളേയും അജ്ഞാതർ വെടിവച്ചു കൊന്നു. ഹരിയാനയിലെ റോഹ്തക്കിലുള്ള ബോഹാർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സുരേന്ദർ സിങ് (50), മകൾ നികിത (13) എന്നിവരാണ് മരിച്ചത്. കൃത്യം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന സുരേന്ദർ സിങിന്റെ അമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ബുധനാഴ്ച രാവിലെ ആറ് മണിയോടെ എരുമയെ കറക്കാൻ പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ അക്രമികൾ സുരേന്ദർ സിങിനെതിരെ മൂന്ന് തവണ വെടിയുതിർത്തത്. സംഭവസ്ഥലത്ത് തന്നെ സുരേന്ദർ മരിച്ചു. തുടർന്ന് വീടിനുള്ളിൽ കയറിയ അക്രമികൾ കട്ടിലിൽ ഉറങ്ങുകയായിരുന്ന നികിതക്ക് നേരെ വെടിയുതിർത്തു.
കേൾവിക്കുറവ് ഉള്ളതിനാൽ സംഭവങ്ങളൊന്നും സുരേന്ദർ സിങിന്റെ അമ്മ അറിഞ്ഞില്ല. അയൽവാസികൾ സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. ഫോറൻസിക് സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. കൊലപാതകക്കുറ്റത്തിനും ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരവും അജ്ഞാതർക്കെതിരെ പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തു.
അതേസമയം, സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സുരേന്ദർ സിങ് ഭാര്യയുമായി വേർപിരിഞ്ഞിരുന്നു. കാലങ്ങളായുള്ള നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ഇരുവരും വേർപിരിഞ്ഞത്. കോടതിമുറിക്കുള്ളിൽ വെച്ച് ഇരുവരും പരസ്പരം തർക്കിച്ചിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

