ഹരിയാന കൂട്ടബലാത്സംഗം: ഇരയുടെ കുടുംബത്തിന് പത്തര ലക്ഷം നൽകും
text_fieldsചണ്ഡിഗഢ്: ഹരിയാനയിൽ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് െകാലപ്പെടുത്തിയ ദലിത് യുവതിയുടെ കുടുംബത്തിന് പത്തര ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിൽ 8.5 ലക്ഷം സംസ്ഥാന ക്ഷേമ വകുപ്പും ബാക്കി രണ്ടുലക്ഷം റെഡ്ക്രോസുമാണ് ലഭ്യമാക്കുകയെന്ന് സോനിപ്പത്ത് ഡെപ്യൂട്ടി കമീഷണർ കെ. മക്രാന്ത് പാണ്ഡുരംഗ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് 23കാരി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. വിവാഹമോചിതയാണെന്ന് പറയപ്പെടുന്ന യുവതിയെ കാറിലെത്തിയ സംഘം രണ്ടു ദിവസം മുമ്പ് സോനിപ്പത്തിൽനിന്ന് രോഹ്തകിലേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രോഹ്തകിലെ ഇൻഡസ്ട്രിയൽ മോഡൽ ടൗൺഷിപ്പിനു സമീപം അഴുകിയ നിലയിൽ കണ്ടെത്തുേമ്പാൾ യുവതിയുടെ മുഖവും ശരീരഭാഗങ്ങളും തെരുവുനായ്ക്കൾ കടിച്ചുകീറിയ നിലയിലായിരുന്നു. തലച്ചോറ് ചിതറിയിരുന്നുവെന്നും സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയേറിയ വസ്തുകൊണ്ട് മാരകമായി പരിക്കേൽപിച്ചിരുന്നുവെന്നും പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. തുല്യതയില്ലാത്ത ക്രൂരതകളോടെയായിരുന്നു പീഡനവും കൊലപാതകവുമെന്ന് രോഹ്തക് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് േഫാറൻസിക് വിഭാഗം മേധാവി ഡോ. എസ്.കെ. ദത്തർവാൾ പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ െപാലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറു പേർകൂടി പങ്കാളികളാണെന്ന് സംശയമുണ്ട്. ഇവരിൽ അഞ്ചു പേർ മുഖ്യപ്രതിയുടെ ബന്ധുക്കളാണ്.
രാജ്യത്തെ നടുക്കിയ നിർഭയ കൊലപാതകത്തിനു സമാനമായ സംഭവമാണ് രോഹ്തകിലേതെന്നും മാതൃകാപരമായ ശിക്ഷ ഇൗ പ്രതികൾക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരയുടെ ബന്ധുക്കളെ സന്ദർശിച്ച ദേശീയ മനുഷ്യാവകാശ കമീഷൻ അംഗങ്ങൾ പറഞ്ഞു. അതേസമയം, യുവതിക്കുനേരെ ഭീഷണിയുണ്ടെന്ന് കാണിച്ച്, പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നുവെന്നും നടപടി സ്വീകരിക്കാൻ പൊലീസ് വിസമ്മതിച്ചാണ് ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ, വാക്കാൽ പരാതി പറഞ്ഞതേയുള്ളൂവെന്നും പിന്നീട് പ്രശ്നം പരിഹരിച്ചുവെന്ന് ബന്ധുക്കൾ അറിയിച്ചുവെന്നും സോനിപ്പത്ത് ജില്ല പൊലീസ് മേധാവി അശ്വിൻ ഷെൻവി അറിയിച്ചു. യുവതി ദലിത് കുടുംബത്തിലായതിനാൽ ആ വകുപ്പുകൾകൂടി ചേർത്താണ് കേസെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
