‘ജയ്ഷെ മുഹമ്മദും താലിബാനും ആർ.എസ്.എസും തമ്മിൽ വ്യത്യാസമില്ല’; ബി.കെ. ഹരിപ്രസാദിന്റെ പരാമർശം
text_fieldsബംഗളൂരു: ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന കാരണത്താൽ ജയ്ഷെ മുഹമ്മദും താലിബാനും ആർ.എസ്.എസും തമ്മിൽ വ്യത്യാസമില്ലെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ്. ബംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഹരിപ്രസാദിന്റെ പരാമർശം. കേരള വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ നടത്തിയ പരാമർശത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം ആർ.എസ്.എസ് വന്ദേമാതരം ആലപിക്കാറില്ലെന്നും ദേശീയഗാനം ആലപിക്കുകയോ ത്രിവർണ പതാക ഉയർത്തുകയോ ചെയ്യാറുണ്ടായിരുന്നില്ലെന്നും പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിക്കുന്നതിനിടെ തടസ്സമുണ്ടാക്കിയെന്നാരോപിച്ച് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം.
ആർ.എസ്.എസിന്റെ സ്വത്തുക്കൾ, ബാങ്ക് അക്കൗണ്ടുകൾ, സംഭാവനകൾ എന്നിവ സംബന്ധിച്ച് സംഘടന ഏത് ഇന്ത്യൻ നിയമപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടിരുന്നു.
ആർ.എസ്.എസിന് നിയമപരമായ രജിസ്ട്രേഷൻ ആവശ്യമില്ലെന്ന ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി.എൽ. സന്തോഷിന്റെ പരാമർശത്തിന് പിന്നാലെയാണ് ഈ വിഷയം കൂടുതൽ ചർച്ചയായത്. 1925 മുതൽ നിയമപരമായ രജിസ്ട്രേഷൻ ഇല്ലാതെയാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നതെന്നും രേഖകളേക്കാൾ പൊതുവിശ്വാസമാണ് ഒരു സംഘടനയെ നിർവചിക്കുന്നതെന്നുമാണ് സന്തോഷ് പറഞ്ഞത്.
ഇതിന് പിന്നാലെയാണ് ആർ.എസ്.എസിന്റെ നിയമപരമായ നിലയും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് പ്രിയങ്ക് ഖാർഗെ ചോദ്യങ്ങൾ ഉന്നയിച്ചത്. ചരിത്രം നിയമപരമായ സുതാര്യതക്ക് പകരമാകില്ലെന്നും സ്വാധീനം വർധിക്കുന്നതിനനുസരിച്ച് പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തവും വർധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി.ജെപി, എ.ബി.വി.പി, ആർ.എസ്.എസ് എന്നിവക്കെതിരെയും ഖാർഗെ വിമർശനം ഉന്നയിച്ചു. കോൺഗ്രസിന്റെ രാജ്യസ്നേഹത്തിന് ഈ സംഘടനകളുടെ അംഗീകാരം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഇവർ കാര്യമായ പങ്കുവഹിച്ചിട്ടില്ലെന്നും അവരുടെ രാഷ്ട്രീയ ഗുരുക്കൻമാർ 52 വർഷത്തോളം ദേശീയപതാക ഉയർത്തിയില്ലെന്നും ഖാർഗെ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

