ദശാബ്ദങ്ങളായി ഇന്ത്യയിൽ കഴിഞ്ഞ പാക് പൗരന്മാർ നിയമകുരുക്കിൽ; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ജമ്മുകശ്മീർ: ദശാബ്ദങ്ങളായി ജമ്മു-കശ്മീരിൽ താമസിച്ചുവരുന്ന പാക് പൗരന്മാർക്കെതിരെ അനധികൃത താമസമാരോപിച്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ആകെ 65 പേർക്കെതിരെയാണ് കുറ്റപത്രം ഫയൽ ചെയ്തിട്ടുള്ളത്. എന്നാൽ ഇതിൽ 15 പേരും ഇതിനകം മരണപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
പാകിസ്താനിൽ നിന്നും സാധുവായ പാസ്‌പോർട്ടുകളുമായി ഇന്ത്യയിലെത്തി ജമ്മു, പൂഞ്ച്, രജൗരി, കത്‍വ ജില്ലകളിൽ നാല് മുതൽ അഞ്ച് പതിറ്റാണ്ടുകളായി ജീവിക്കുന്നവരാണ് ഈ കേസിൽ പ്രതികളാക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ പലരും പ്രദേശവാസികളെ വിവാഹം കഴിക്കുകയും മക്കളും പേരമക്കളുമായി ഇവിടെ കുടുംബമായി കഴിയുകയുമാണ്.
കത്‍വയിലെ സ്പെഷ്യൽ മൊബൈൽ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഒക്ടോബർ 23നാണ് അവസാന കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് പേരാണ് ഇതിൽ പ്രതികളായുള്ളത്. ഇതിൽ മൂന്ന് പേർ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ 24ന് ജമ്മു മുൻസിഫ് കോടതിയിലാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. നാല് മരണപ്പെട്ടവർ ഉൾപ്പെടെ 12 പേരായിരുന്നു ഈ ആദ്യ പട്ടികയിലുണ്ടായിരുന്നത്.
ജമ്മുവിലെ സ്പെഷ്യൽ ക്രൈം വിങ് (എസ്.സി.ഡബ്ല്യു) പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ നമ്പർ 16/2024-മായി ബന്ധപ്പെട്ട എട്ട് കേസുകളിലാണ് ഈ അന്വേഷണങ്ങളും കുറ്റപത്രങ്ങളും. 1970കളുടെ അവസാനത്തിലും അതിനുശേഷവും സാധുവായ യാത്രാരേഖകളുമായി ജമ്മു ഡിവിഷനിൽ എത്തി അനധികൃതമായി താമസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
2025 ഏപ്രിൽ 22ന് 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള പൊലീസ് നടപടികൾക്ക് ശേഷമാണ് ഈ സംഭവവികാസങ്ങൾ. പാക് പൗരന്മാർക്ക് നൽകിയിരുന്ന ഹ്രസ്വകാല വിസകൾ കേന്ദ്ര സർക്കാർ റദ്ദാക്കുകയും അവർക്ക് രാജ്യം വിടാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഈ നടപടി പ്രത്യേകിച്ചും നാട്ടുകാരെ വിവാഹം കഴിച്ച് ഇവിടെ താമസിക്കുന്ന പാക് വനിതകളെയാണ് സാരമായി ബാധിച്ചത്. ഇവരിൽ പലരെയും കസ്റ്റഡിയിലെടുക്കാനും നാടുകടത്താനും നടപടികൾ സ്വീകരിച്ചിരുന്നു.
വിദേശികളുടെ നിയമം, പാസ്‌പോർട്ട് നിയമം, രൺബീർ പീനൽ കോഡ് തുടങ്ങിയ വിവിധ പ്രസക്ത വകുപ്പുകൾ പ്രകാരമാണ് ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സിന്റെ പ്രത്യേക അന്വേഷണ സംഘം കേസന്വേഷണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പ്രതികളുടെ ഇന്ത്യൻ ഇണകളും കുടുംബാംഗങ്ങളും ഗൂഢാലോചനയിൽ പങ്കാളികളാണെന്നാരോപിച്ച് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ചില കേസുകളിൽ ജമ്മു-കശ്മീർ ലഡാക്ക് ഹൈക്കോടതി നാടുകടത്തലുകൾക്ക് സ്റ്റേ അനുവദിച്ചിട്ടുണ്ട്. അട്ടാരി അതിർത്തിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ തടഞ്ഞുവെച്ച പൊലീസ് ഹെഡ് കോൺസ്റ്റബിൾ ഇഫ്തിഖർ അലിയുടെയും അദ്ദേഹത്തിന്റെ എട്ട് സഹോദരങ്ങളുടെയും കേസ് ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ജമ്മുവിൽ സിആർപിഎഫ് ജവാനെ വിവാഹം കഴിച്ച മെനാൽ ഖാൻ എന്ന പാക് പൗരയുടെ നാടുകടത്തലും കോടതി തടഞ്ഞിരുന്നു. പാക് പൗരയുമായുള്ള വിവാഹം മറച്ചുവെച്ചുവെന്നാരോപിച്ച് ഈ ജവാനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

