ന്യൂഡൽഹി: പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹർദ്ദിക് പട്ടേൽ ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡൻറ്. തീരുമാനം കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി അംഗീകരിച്ചു.
അമിത് ചവ്ഡയാണ് ഗുജറാത്ത് കോൺഗ്രസ് പ്രസിഡൻറ്. നിലവിൽ രണ്ടു വർക്കിങ് പ്രസിഡൻറുമാരുണ്ട്. തുഷാർ ചൗധരി, കർസന്ദാസ് സൊനേരി എന്നിവർക്ക് പുറമെയാണ് ഹർദ്ദിക് പട്ടേലിനെയും വർക്കിങ് പ്രസിഡൻറ് സ്ഥാനത്തേക്ക് നിയമിച്ചത്.
26കാരനായ ഹർദ്ദിക് പട്ടേൽ 2015ലെ പട്ടേൽ സംവരണ പ്രക്ഷോഭത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. പട്ടേൽ സമുദായക്കാർക്ക് സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.
2019 മാർച്ച് 12നാണ് ഇദ്ദേഹം കോൺഗ്രസിൽ ചേരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നതിനാൽ അതിന് കഴിഞ്ഞില്ല.